കൊൽക്കത്ത ∙ ഒന്നാം വർഷ നിയമവിദ്യാർഥിയെ കോളജിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ക്യാംപസിലെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റു ചെയ്തു. പിനാകി ബാനർജി (55) ആണ് അറസ്റ്റിലായത്. സംഭവത്തിൽ നാലാമത്തെ അറസ്റ്റാണിത്.
അഭിഭാഷകനും പൂർവ വിദ്യാർഥിയുമായ മനോജിത് മിശ്ര, വിദ്യാർഥികളായ പ്രമിത് മുഖർജി, സയിബ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കോളജിലെ ഗാർഡ് റൂമിലാണ് പീഡനം നടന്നത്. മനോജിത് മിശ്ര കോളജിലെ താൽക്കാലിക ജീവനക്കാരനായും ജോലി ചെയ്യുന്നുണ്ടായിരുന്നു. മനോജിത് മിശ്ര പെൺകുട്ടിയോട് വിവാഹ അഭ്യർഥന നടത്തി. പെൺകുട്ടി അത് നിരസിച്ചതിനെ തുടർന്നാണ് പീഡനം നടന്നത്. ഹോക്കി സ്റ്റിക്ക് കൊണ്ട് മർദിച്ചെന്നും പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി. സംഭവത്തെ തുടർന്ന് കൊൽക്കത്തയിൽ വൻ വിദ്യാർഥി പ്രക്ഷോഭം നടന്നു.