അരനൂറ്റാണ്ടായി താൻ ശബരിമല ഭക്തനാണെന്നും പൂജയ്ക്ക് ക്ഷണിച്ചപ്പോള്‍ പോകുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും നടൻ ജയറാം. 2019 ജൂലൈയില്‍ ചെന്നൈയില്‍ ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ സ്വർണ്ണ പാളികള്‍ എന്ന പേരില്‍ ഉണ്ണികൃഷ്ണൻ പോറ്റി സംഘടിപ്പിച്ച ഒരു പ്രദർശനത്തില്‍ നടൻ ജയറാം പങ്കെടുത്തിരുന്നു. അമ്പത്തൂരിലെ ഒരു കമ്പനിയില്‍ നടന്ന പൂജയിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ ക്ഷണിച്ചതായും താൻ പങ്കെടുത്തതായും ജയറാം സ്ഥിരീകരിച്ചു.
പൂജയില്‍ പങ്കെടുക്കുന്നത് മഹാഭാഗ്യമായി താൻ കണക്കാക്കിയിരുന്നു എന്നും 5 വർഷത്തിന് ശേഷം അത് ഇങ്ങനെ അവസാനിക്കുമെന്ന് കരുതിയില്ലെന്നും ജയറാം പറഞ്ഞു. സത്യം തെളിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ അനുഭവിച്ച് തന്നെ തീർക്കണം. അയ്യപ്പന്റെ ഒരു രൂപ പോലും തൊട്ടാല്‍ പോലും അനുഭവിക്കേണ്ടിവരും. തെറ്റ് ചെയ്തവർ പിടിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നുവെന്ന് ജയറാം പറഞ്ഞു. ദേവസ്വം വിജിലൻസ് മൊഴിയെടുത്തുവെന്ന പ്രചാരണം ജയറാം തള്ളുകയും ചെയ്തു.
ഇതിനിടയില്‍ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണ പാളികളെക്കുറിച്ചുള്ള വിവാദത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് മറുപടി നല്‍കി. സ്വർണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളെ പ്രതിപക്ഷവും ബിജെപിയും സുവർണ്ണാവസരമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് എല്ലാ കോണുകളില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് ദേവസ്വം ബോർഡിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
1998 മുതല്‍ ദേവസ്വവുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്നും പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു.
'ഞാൻ ഇന്നലെ ദേവസ്വം മന്ത്രിയെ കണ്ടു. 1998 ല്‍ ആണ് വിജയ് മല്യ സ്വർണ്ണം പൂശിയത്. അന്ന് മുതല്‍ ഇന്ന് വരെ നടന്ന സംഭവങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടാൻ പോകുന്നത്. സ്വർണ്ണത്തിന്റെ തൂക്കത്തില്‍ ആയാലും ഇത്തരം അവതാരങ്ങളുടെ കാര്യത്തിലും അന്വേഷണം വേണം. ഹൈക്കോടതിയില്‍ സ്റ്റാൻഡിംഗ് കൗണ്‍സില്‍ ഇത് ആവശ്യപ്പെടും' പ്രശാന്ത് പറഞ്ഞു.
ശരിയായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്വർണപ്പാളികള്‍ നവീകരണത്തിന് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം കൊടുത്തുവിട്ടിട്ടില്ല. അദ്ദേഹത്തോട് ചെന്നൈയിലേക്ക് വരാൻ പറഞ്ഞിരുന്നു. 38 കിലോയുടെ 14 പാളികളിലായി 397 ഗ്രാം സ്വർണ്ണമുണ്ട്. ഇതില്‍ 12 പാളികള്‍ എടുത്തുകൊണ്ടുപോയി. അതിലുള്ള സ്വർണ്ണത്തിന്റെ അളവ് 281 ഗ്രാം ആണ്. 10 ഗ്രാം സ്വർണ്ണം പുതുക്കിപ്പണിയാൻ ഉപയോഗിച്ചു. കോടതി ഉത്തരവ് പ്രകാരം അത് തിരികെ നല്‍കി. നവീകരണത്തിന് ശേഷം, 14 പാളികളിലായി 407 ഗ്രാം സ്വർണ്ണമുണ്ട്.
ദേവസ്വം ബോർഡ് വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സേവനം തേടിയതിന് ഒരു കാരണമുണ്ടെന്ന് പി.എസ്. പ്രശാന്ത് വിശദീകരിച്ചു.' ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ 40 വർഷത്തെ വാറന്റിയുണ്ട്. നിർഭാഗ്യവശാല്‍, അത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സേവനം തേടേണ്ടി വന്നത്. സ്പോണ്‍സറായി അദ്ദേഹം 10 ഗ്രാം മാത്രമേ നല്‍കിയിട്ടുള്ളൂ' എന്നും പ്രശാന്ത് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിവാദങ്ങളില്‍ ഉന്നയിച്ച വിമർശനത്തിനെ കുറിച്ചും പ്രശാന്ത് പ്രതികരിച്ചു.' പ്രതിപക്ഷ നേതാവ് കാര്യങ്ങള്‍ പറയുമ്പോള്‍, അദ്ദേഹം അത് പഠിച്ച് പറയണം. ഇക്കാര്യത്തില്‍ നമുക്ക് മറയ്ക്കാനോ ഒളിക്കാനോ ഒന്നുമില്ല. ദേവസ്വം ബോർഡ് ഇതുവരെ അവർ ഭരിച്ചിട്ടില്ലാത്തതുപോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. ദേവസ്വം വിജിലൻസിനെ ഭയന്ന് ഇറങ്ങി ഓടിയ ഒരു ദേവസ്വം ബോർഡ് അംഗം ഇവിടെയുണ്ട്. അതിന്റെ ചരിത്രം ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്" എന്നാണ് പ്രശാന്ത് പറഞ്ഞത്.