തലസ്ഥാന നഗരിയിലെ ശുചിത്വ പ്രവർത്തനങ്ങൾക്ക് വലിയ കരുത്തായി, സുരേഷ് ഗോപിയുടെ അഭ്യർത്ഥനയെ തുടർന്ന് ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (CPCL) 58 ലക്ഷം രൂപയുടെ അത്യാധുനിക സ്കാവഞ്ചിംഗ് മെഷീൻ തിരുവനന്തപുരം കോർപ്പറേഷന് കൈമാറി. സി.എസ്.ആർ ഫണ്ടിൽ നിന്നാണ് യന്ത്രം നഗരത്തിനായി സമർപ്പിച്ചത്.
മനുഷ്യപ്രയത്‌നം കുറച്ച് അഴുക്കുചാലുകൾ ശാസ്ത്രീയമായി ശുചീകരിക്കാൻ സഹായിക്കുന്ന ഈ യന്ത്രം ശുചിത്വ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മാൻഹോളുകളിൽ നേരിട്ട് ഇറങ്ങേണ്ട സാഹചര്യം ഒഴിവാക്കുന്നതിനും സഹായകരമാകും.
"ഞാൻ ആവശ്യപ്പെട്ടപ്പോൾ തന്നെ ഈ ദൗത്യത്തിന് കൈകോർത്ത CPCL-യ്ക്ക് ഹൃദയം നിറഞ്ഞ നന്ദി," എന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
തലസ്ഥാനത്തെ അഴുക്കുചാൽ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി പരിപാലിക്കാൻ ഈ പദ്ധതി വഴിയൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.












































































