സ്ത്രീ സുരക്ഷയെ കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ പ്രതികളെ ന്യായീകരിക്കുകയാണെന്നും വാക്കൗട്ട് പ്രസംഗത്തില്‍ വി.ഡി സതീശൻ പറഞ്ഞു.
അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി അനൂപ് ജേക്കബ് നടത്തിയ പ്രസംഗത്തില്‍ സ്ത്രീ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പ്രസംഗിച്ചത് ഉദ്ധരിച്ചു. തന്റെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി അക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുമെന്നാണ് കരുതിയത്. പക്ഷെ കാലുമാറ്റത്തെ കുറിച്ച് സംസാരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസ് കിഡ്‌നാപ്പിങിന് കേസെടുത്ത ക്രിമിനലുകളെ ന്യായീകരിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണെന്നാണ് ഇന്ന് മറുപടിയിലൂടെ പുറത്തുവന്നത്.
കാലുമാറ്റമാണ് മുഖ്യമന്ത്രിക്ക് ഭയങ്കര വിഷമമുണ്ടാക്കിയ സംഭവം. കേരളത്തില്‍ എത്രയോ പഞ്ചായത്തുകളില്‍ എത്രയോ പേര്‍ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറിയിരിക്കുന്നു. അവരെയൊക്കെ തട്ടിക്കൊണ്ടു പോകുകയാണോ വേണ്ടത്? ഒരു മാസം മുന്‍പ് വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ കരുമാലൂര്‍ പഞ്ചായത്തില്‍ ഞങ്ങളുടെ ഒരു അംഗം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാറ്റി വോട്ട് ചെയ്തു.
അവരോട് അന്ന് രാജി വയ്ക്കാനാണോ സി.പി.എം നിര്‍ദ്ദേശിച്ചത്? ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഈ കാലുമാറ്റക്കാരനെ സി.പി.എം വൈസ് പ്രസിഡന്റാക്കി. എന്നിട്ടും ഇവിടെ വന്ന് ഇങ്ങനെ സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെയാണ് സാധിക്കുന്നത്? രാവിലെ കാലുമാറിയവനെ ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റാക്കിയ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമല്ലേ നിങ്ങള്‍? എന്നിട്ടാണ് നിങ്ങള്‍ ഇവിടെ വന്ന് പ്രസംഗിക്കുന്നത്.
ഒരു സ്ത്രീ അവരുടെ സങ്കടങ്ങള്‍ മുഴുവന്‍ നേതൃത്വത്തോട് പറഞ്ഞു. അവരുടെ സങ്കടം എന്താണെന്ന് മുഖ്യമന്ത്രി ഒന്ന് അന്വേഷിക്കണം. വിധവയായ ആ സ്ത്രീക്ക് കടം വന്നപ്പോള്‍ അവരുടെ സ്ഥലം പാര്‍ട്ടി ഇടപെട്ട് വില്‍പ്പിച്ചു. ആ സ്ഥലം പാര്‍ട്ടി പറഞ്ഞ വിലയ്ക്കാണ് വിറ്റത്. പാര്‍ട്ടി ബ്രോക്കര്‍മാരായാണ് നിന്നത്. എന്നിട്ട് ഇതിന്റെ നാലിരട്ടി വിലയ്ക്ക് ആ സ്ഥലം മറ്റൊരാളെക്കൊണ്ട് വില്‍പ്പിച്ചു. കടബാധ്യത വന്നിട്ടാണ് അവര്‍ പരാതി അയച്ചത്.
ഇനി അവര്‍ യു.ഡി.എഫിന് അനുകലമായാണ് വോട്ട് ചെയ്യാന്‍ വന്നതെങ്കിലും നിങ്ങള്‍ അതിനെ ന്യായീകരിക്കാമോ? അവിടെ എന്താണ് നടന്നതെന്നതിന് അനൂപ് ജേക്കബ് ദൃക്‌സാക്ഷിയാണ്. അവരെ വസ്ത്രാക്ഷേപം ചെയ്തു. തലമുടിയില്‍ ചുറ്റിപ്പിടിച്ച് സാരി വലിച്ചു കീറി. കാറില്‍ കയറ്റി. നിങ്ങളൊക്കെ അങ്ങനെ ചെയ്യുന്ന ആളുകളാണെങ്കില്‍ വിരോധമില്ല. ഒരു സ്ത്രീയോടാണ് ഇതെല്ലാം ചെയ്തത് എന്ന് ഓർക്കണമെന്ന് സതീശൻ പറഞ്ഞു