കോട്ടയം: എന്‍എസ്എസ്- എസ്എന്‍ഡിപി യോഗം ഐക്യമില്ല. പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായക തീരുമാനം. എന്‍എസ്എസ്-എസ്എന്‍ഡിപിയുമായി ഐക്യത്തോടെ മുന്നോട്ട് പോകേണ്ടതില്ലെന്നാണ് യോഗ തീരുമാനം. എന്നാല്‍ എസ്എന്‍ഡിപിയോട് സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കാനാണ് എന്‍എസ്എസിന്റെ ആഗ്രഹമെന്നും യോഗം വിലയിരുത്തി.
'പല കാരണങ്ങളാലും പല തവണ എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ തന്നെ വ്യക്തമാകുന്നു. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളില്‍നിന്ന് വ്യതിചലിക്കാനും ആവില്ല. അതിനാല്‍ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല', എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
എന്‍എസ്എസിന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും സമദൂരനിലപാട് ഉള്ളതിനാല്‍, മറ്റെല്ലാ സമുദായങ്ങളോടും എന്നവണ്ണം എസ്എന്‍ഡിപിയോടും സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു ഐക്യം പ്രഖ്യാപിച്ചത്. ഐക്യത്തിന് കാഹളം മുഴക്കിയത് എന്‍എസ്എസാണെന്നും അതില്‍ നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.
പിന്നാലെ ഈ പ്രഖ്യാപനം ജി സുകുമാരന്‍ നായര്‍ അംഗീകരിച്ചിരുന്നു. 'ഐക്യമെന്നത് ഉറപ്പാണ്. ഐക്യം എന്ന ആശയത്തോട് യോജിക്കുന്നത് വ്യക്തിപരമായാണ്. അവര്‍ വരട്ടെ, അവര്‍ വരുമ്പോള്‍ കാര്യങ്ങള്‍ സംസാരിച്ച് എങ്ങനെ വേണമെന്ന് തീരുമാനിക്കും. അവരുമായുള്ള ചര്‍ച്ച കഴിഞ്ഞിട്ട് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചുകൂട്ടി ഈ കാര്യങ്ങളെല്ലാം അവിടെ വിശദീകരിക്കും. അവിടെ തീരുമാനമെടുത്തിട്ട് പറയും',എന്നായിരുന്നു ജി സുകുമാരന്‍ പ്രതികരിച്ചത്. എന്നാല്‍ ഇന്ന് നടന്ന യോഗത്തില്‍ ഐക്യം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.














































































