കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷൻ പ്രസിഡന്റുമായ പി. ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. കോഴിക്കോട് പയ്യോളിയിൽ ഇന്ന് പുലർച്ചെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
പെരുമാൾപുരത്തെ 'ഉഷസ്' വസതിയിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊന്നാനി സ്വദേശിയായ വി. ശ്രീനിവാസൻ മുൻ കബഡി താരവും കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ വിരമിച്ച ഡെപ്യൂട്ടി കമാൻഡന്റുമാണ്.
പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണൻ–സരോജനി ദമ്പതികളുടെ മകനാണ് അദ്ദേഹം. 1991-ലാണ് ബന്ധുവായ പി. ടി. ഉഷയുമായി വിവാഹിതനായത്. മകൻ — ഡോ. ഉജ്ജ്വൽ വിഗ്നേഷ്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം പി. ടി. ഉഷ എംപി നാട്ടിലേക്ക് തിരിച്ചു.










































































