മുംബൈയില്‍ 2006 ല്‍ 180 ലധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ സ്‌ഫോടനങ്ങളിലെ 12 പ്രതികളെയും കുറ്റ വിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.
പ്രതികളെ വെറുതെ വിട്ടതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി നടപടി. ജസ്റ്റിസുമാരായ എം എം സുന്ദരേശ്, എന്‍ കെ സിങ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ എല്ലാ പ്രതികള്‍ക്കും കോടതി നോട്ടീസയച്ചു. അതേസമയം പ്രതികളെ ഉടൻ ജയില്‍ മോചിതരാക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ല.
വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച അഞ്ചുപേരെയും ജീവപര്യന്തം തടവിന് വിധിച്ച ഏഴുപേരെയുമാണ് തിങ്കളാഴ്ച ഹൈക്കോടതി വെറുതേവിട്ടത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു.