കൊല്ലം: വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതിനു പിന്നാലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ മന്ത്രി വി.എന്‍. വാസവന് റിപ്പോര്‍ട്ട് തേടി. സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചെങ്കില്‍ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനത്തില്‍ അജിയുടെയും ശാലിനിയുടെയും മകള്‍ അഭിരാമി(19) ആണ് തൂങ്ങിമരിച്ചത്. ചെങ്ങന്നൂര്‍ എരമല്ലിക്കര ശ്രീഅയ്യപ്പാ കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.
വൈകുന്നേരം നാലരയോടെ കതക് അടച്ച ശേഷം കിടപ്പുമുറിയിലെ ഫാനില്‍ ചുരിദാറിന്റെ ഷാള്‍ കൊണ്ട് തൂങ്ങുകയായിരുന്നു. സംഭവ സമയം വല്യമ്മ ശാന്തമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ അഭിരാമിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേരള ബാങ്കിന്റെ പതാരം ശാഖയില്‍ നിന്നും അജി എടുത്ത വായ്പ കുടിശികയായിരുന്നു. ബാങ്ക് മാനേജരും പോലീസും ഉള്‍പ്പെടെയുള്ളവര്‍ രാവിലെ 11 ഓടെ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ച് മടങ്ങി. ഈ സമയം വീട്ടില്‍ അഭിരാമിയുടെ വല്യമ്മ മാത്രമാണ് ഉണ്ടായിരുന്നത്. വൈകുന്നേരത്തോടെ മാതാപിതാക്കള്‍ പതാരത്തെ ബാങ്കിലേക്ക് പോയി. ബാങ്ക് മാനേജരുമായി സംസാരിക്കുന്നതിനിടയിലാണ് ആത്മഹത്യ നടന്നതായ വിവരം ഇവരറിയുന്നത്. കുടിശികയായ ഭൂമി ബാങ്ക് അധീനതയിലാണെന്ന് കാട്ടി നോട്ടീസ് പതിപ്പിക്കുന്ന ആദ്യഘട്ട നടപടിയാണ് നടന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.