രാജ്യവ്യാപകമായി നടപ്പാക്കുന്ന വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ ഷെഡ്യൂള്‍ തിങ്കളാഴ്ച പ്രഖ്യാപിക്കും. വൈകീട്ട് 4.15നായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം പ്രഖ്യാപിക്കുക. എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍മാരുടെ യോഗം കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചിരുന്നു. ഇതിന് ശേഷം ഓരോ സംസ്ഥാനങ്ങളുടേയും തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി വണ്‍ ടു വണ്‍ ചര്‍ച്ചകളും നടത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ കേരളത്തില്‍ എസ്‌ഐആര്‍ ഇപ്പോള്‍ നടത്തരുത് എന്ന് കേരളത്തിന്റെ ചീഫ് ഇലക്‌ട്‌റല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍കര്‍ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കത്തും നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം.
ആദ്യ ഘട്ടത്തില്‍ പത്ത് മുതല്‍ പതിനഞ്ച് സംസ്ഥാനങ്ങള്‍ ആയിരിക്കും. ഇതില്‍ കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണപ്രദേശവും ഉള്‍പ്പെട്ടേക്കുമെന്നാണ് വിവരം. മൂന്ന് മാസംകൊണ്ട് നടപടിക്രമം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ വ്യാപകപരാതികള്‍ ഉയര്‍ന്നിരുന്നു. മുസ്‌ലിം വോട്ടര്‍മാരെ ഒഴിവാക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.















































































