സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണ് നാളെ കൈനകരിയിൽ തുടക്കമാകും. വിവിധ സ്ഥലങ്ങളിലായി 14 മത്സരങ്ങളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉള്ളത്. വള്ളംകളിയുടെ ആവേശം അലതല്ലുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ്. ചുണ്ടൻ വള്ളങ്ങളിലെ ചാമ്പ്യനെ കണ്ടെത്താനുള്ള മത്സരങ്ങൾക്ക് നാളെ കൈനകരിയിൽ തുടക്കമാവുകയാണ്.
നെഹ്റുട്രോഫി വള്ളം കളിയിൽ ആദ്യ ഒൻപത് സ്ഥാനങ്ങളിൽ എത്തിയവരാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. വീയപുരം ചുണ്ടനും, നടുഭാഗവും, മേൽപാടവും, നിരണം, പായിപ്പാടൻ ഒന്ന്, നടുവിലേപ്പറമ്പൻ, കാരിച്ചാൽ, ചെറുതന, ചമ്പക്കുളം എന്നീ ചുണ്ടനുകളുമാണ് മത്സരത്തിന്റെ ഭാഗമാവുക. കഴിഞ്ഞ വർഷം ആറു മത്സരങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ വിവിധ ഇടങ്ങളിലായി 14 മത്സരങ്ങൾ ഉണ്ട്.