ദില്ലി: ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ്. ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. വാഹനം ലൊക്കേറ്റ് ചെയ്തതായി ബന്ധുക്കളും അറിയിച്ചു.
അപകടം ഉണ്ടായതിനു 4 കിലോമീറ്റർ അപ്പുറത്ത് ഗംഗോത്രിക്ക് സമീപമാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. കൊച്ചി സ്വദേശികളായ നാരായണൻ നായരും ശ്രീദേവി പിള്ളയും ഇവരിലുൾപ്പെട്ടിട്ടുണ്ട്. 28 പേരടങ്ങുന്ന സംഘമാണ് യാത്ര പോയത്. റോഡുകൾ ബ്ലോക്കായതിനാൽ തിരികെ മടങ്ങാനുള്ള ബുദ്ധിമുട്ട് മാത്രമാണുള്ളതെന്നും മലയാളി സമാജം പ്രസിഡന്റ് വ്യക്തമാക്കി.
മിന്നൽപ്രളയത്തിൽ ഒറ്റപ്പെട്ടു പോയ ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തിൽ കലാവസ്ഥ പ്രതികൂലമായതോടെ രക്ഷപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കൂടുതൽ രക്ഷാപ്രവർത്തകരെ വ്യോമമാർഗം ഇവിടേക്ക് എത്തിക്കാൻ ശ്രമത്തിലാണ് സർക്കാർ. ഇവിടെ തെരച്ചിൽ നടത്താൻ കൂടുതൽ യന്ത്രസാമഗ്രികൾ ഇവിടേക്ക് കൊണ്ടുവരണം. ഹർഷിൽ ആർമി ക്യാമ്പിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കാണാതായ 9 സൈനികരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ദുരന്തസ്ഥലത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായി താറുമാറായി.