കോട്ടയം:നാലുവരി പാതയായി മാറാൻ ഒരുങ്ങുന്ന ദേശീയപാത 183ൽ കോട്ടയം മുതൽ മുണ്ടക്കയം വരെ 7 കോടി രൂപയുടെ അറ്റകുറ്റപ്പണി. കോട്ടയം മുതൽ മുണ്ടക്കയം വരെയുള്ള 52.6 കിലോമീ റ്റർ ദൂരത്തിൽ 7.18 കോടി രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണി നടക്കുന്നത്.
ചെങ്കല്ലപ്പള്ളിയിൽ നിന്നാണ് നവീകരണം ആരംഭിച്ചത്. കോട്ടയം മുതൽ മണർകാട് വരെയും മണർകാട് മുതൽ മുണ്ടക്കയം വരെയുള്ള ഭാഗം രണ്ട് ഘട്ടമായിട്ടാണ് ചെയ്യുന്നത്. ആകെ 53 കിലോമീറ്ററാണ് നവീകരിക്കുന്നത്. റോഡ് പൂർണമായും തകർന്ന ഭാഗങ്ങളിൽ റീ ടാറിങ്ങും മറ്റു ഭാഗങ്ങളിൽ കുഴിയടയ്ക്കലുമാണ് നടത്തുന്നത്. എല്ലാ വർഷവും ചെയ്യുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് നിർമാണം.
പാതയോരത്തെ കാടു വെട്ടിത്തെളിക്കൽ, ഓട ശുചീകരണം ഉൾപ്പെടെ 4 കോടിയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജൂൺ മാസത്തിനു മുൻപായി മുഴുവൻ അറ്റകുറ്റപ്പണികളും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനു മുൻപിലെ അടഞ്ഞു കിടക്കുന്ന ഓട അടക്കം വൃത്തിയാക്കി നവീകരിക്കും. പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്നും ദേശീയപാത വിഭാഗം അധികൃതർ അറിയിച്ചു.
മുൻപ് ദേശീയപാത വിഭാഗം നൽകിയ എസ്റ്റിമേറ്റ് പ്രകാരമാണ് പദ്ധതി അംഗീകാരം ലഭിച്ചത്.നാല് വരി പാതയായി നവീകരിക്കാൻ ഇനിയും സമയം എടുക്കുന്നതിനാൽ ഇപ്പോഴുള്ള റോഡിൽ നവീകരണം നടത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. റോഡിൽ പല ഭാഗത്തും കുഴികളും രൂപപ്പെട്ടിരുന്നു.