ശസ്ത്രക്രിയക്ക് ശേഷം, കാന്‍സര്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പലരും വേദനസംഹാരികള്‍ കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടും. എന്നാല്‍ ചില വേദന സംഹാരികള്‍ ദീര്‍ഘകാലം ഉപയോഗിച്ചാല്‍ അത് വൃക്കകളെ ദോഷകരമായി ബാധിക്കും. വേദനസംഹാരികളായി ധാരാളം മരുന്നുകള്‍ ഇന്ന് ലഭ്യമാണ്.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയും കുറിപ്പടിയുമായും ഒക്കെ മരുന്ന് വാങ്ങുന്നവരുണ്ട്. സാധാരണയായി കുറിപ്പടികള്‍ ഇല്ലാതെ വാങ്ങുന്ന മരുന്നുകളില്‍ അസറ്റാമിനോഫെന്‍ (ടൈലനോള്‍), ഇബുപ്രോഫെന്‍ (അഡ്വില്‍), നാപ്രോക്‌സെന്‍ (അലേവ്), ടോപ്പിക്കല്‍ ഡൈക്ലോഫെനാക് (വോള്‍ട്ടറന്‍ ജെല്‍) പോലുള്ള നോണ്‍-സ്റ്റിറോയിഡല്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി മരുന്നുകള്‍ (NSAID) ഉള്‍പ്പെടുന്നു.
എന്നാല്‍ കുറിപ്പടി നല്‍കുന്ന വേദനസംഹാരികളില്‍ ശക്തമായ നോണ്‍ സ്റ്റിറോയിഡല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍, ഓപിയോയിഡ് മരുന്നുകള്‍, നാഡി വേദനയ്ക്ക് ഉപയോഗിക്കുന്ന ചില ആന്റീഡിപ്രസന്റുകള്‍, ആന്റി-സെഷര്‍ മരുന്നുകള്‍, കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
വേദന സംഹാരികള്‍ വൃക്കകളെ ദോഷകരമായി ബാധിക്കുന്നത് എങ്ങനെ
ചില വേദന സംഹാരികളുടെ ദീര്‍ഘകാല ഉപയോഗം വൃക്കയിലെ മാലിന്യങ്ങള്‍ ഫില്‍റ്റര്‍ ചെയ്യുന്ന രക്തക്കുഴലുകള്‍ക്ക് കേടുവരുത്തും. നോണ്‍ സ്റ്റിറോയിഡ് ആന്റി ഇന്‍ഫ്‌ളമേറ്ററി ഡ്രഗ്‌സ് (എന്‍എസ്എഐഡി) കളാണ് പ്രധാനമായും ഇത്തരത്തില്‍ ദോഷം ചെയ്യുന്നത്. അവ വൃക്കയിലെ രക്തയോട്ടം കുറയ്ക്കുകയും അക്യൂട്ട് കിഡ്‌നി ഇന്‍ജുറി(എകെഎ)ഉണ്ടാക്കുകയോ ക്രോണിക് കിഡ്‌നി ഡിസീസ് (സികെഡി) ഉണ്ടാക്കുകയോ ചെയ്യും.
അസറ്റാമിനോഫെന്‍ സുരക്ഷിതമായ അളവില്‍ ഉപയോഗിച്ചാല്‍ വൃക്കകളെ ദോഷകരമായി ബാധിക്കില്ല. ഒപിയോയിഡ് മരുന്നുകളും വൃക്കകളെ നേരിട്ട് ബാധിക്കാറില്ല. ചില ഓപിയോയിഡ് മരുന്നുകളും അവയുടെ മെറ്റബോളിറ്റുകളും വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാറുണ്ട്. കോര്‍ട്ടികോസ്റ്റിറോയിഡുകള്‍ സാധാരണയായി വൃക്കകളെ നേരിട്ട് ബാധിക്കാറില്ല. അവ സാധാരണയായി രക്ത സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് കാലക്രമേണ വൃക്കകളെ സമ്മര്‍ദ്ദത്തിലാക്കും. ചില തരത്തിലുള്ള വേദന സംഹാരികളില്‍ കോഡിന്‍ അല്ലെങ്കില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇവയുടെ ദീര്‍ഘകാല ഉപയോഗം വൃക്ക തകരാറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങളില്‍ പറയുന്നുണ്ട്.
അപകട സാധ്യത ഇവര്‍ക്ക്
ദീര്‍ഘകാലം വേദനസംഹാരികള്‍ ഉപയോഗിക്കുന്നത് ആര്‍ക്കായാലും അപകടമുണ്ടാക്കും. വൃക്ക രോഗം ഉളളവര്‍, ഹൃദ്‌രോഗമോ കരള്‍ രോഗമോ ഉള്ളവര്‍, മധ്യവയസിന് മുകളിലുള്ളവര്‍, മദ്യം ഉപയോഗിക്കുന്നവര്‍, രക്തസമ്മര്‍ദ്ദത്തിനുള്ള ചിലതരം മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ ഉളളവര്‍ ഇവര്‍ക്കൊക്കെ അപകട സാധ്യത കൂടുതലാണ്.
വേദന സംഹാരികള്‍ മൂലമുള്ള വൃക്ക തകരാറുകള്‍ എങ്ങനെ തിരിച്ചറിയാം
ഇത്തരം വൃക്ക തകരാറുകള്‍ തുടക്കത്തില്‍ തിരിച്ചറിയാന്‍ സാധിക്കില്ല. ക്ഷീണം, മൂത്രത്തില്‍ രക്തം, കൂടുതല്‍ തവണ മൂത്രമൊഴിക്കല്‍, പുറത്തോ വശങ്ങളിലോ വേദന, ഓക്കാനം, കാലുകളില്‍ വീക്കം, ആശയക്കുഴപ്പം ഇവയൊക്കെയാണ് ലക്ഷണങ്ങള്‍.