കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കിയാണ് വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം വിലാപയാത്രയായി എത്തിച്ചത്. സഹപാഠികളും അധ്യാപകരും നാട്ടുകാരുമുൾപ്പെടെ നൂറ് കണക്കിന് ആളുകളാണ് വിങ്ങിപ്പൊട്ടി മിഥുന് ആദരാജ്ഞലി അർപ്പിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ തിരികെ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിലായിരിക്കും മിഥുന്റെ സംസ്കാര ചടങ്ങുകൾ നടക്കുക. ശാസ്താംകോട്ട ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പന്ത്രണ്ട് മണിയോട് അടുപ്പിച്ചാണ് സ്കൂളിലേക്ക് എത്തിച്ചത്.