ദില്ലി : സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനില്‍ ആരംഭിച്ച ഭരണകൂട വിരുദ്ധ പ്രക്ഷോഭം മൂന്നാം ആഴ്ചയിലെത്തി നില്‍ക്കവേ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷം.
പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നല്‍കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കിയ നിർദ്ദേശം.
2022ന് ശേഷം ഇറാൻ വീണ്ടും വൻ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും വർദ്ധിച്ചുവരുന്ന ജീവിത ചെലവുകളുമാണ് പ്രകോപനത്തിന് മുഖ്യ കാരണം. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരെ തെരുവില്‍ മുദ്രാവാക്യം വിളികളുയർന്നു. പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേർ കൊല്ലപ്പെട്ടതോടെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സർക്കാർ ഐക്യത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ടെഹ്‌റാന്റെ 'ശത്രുക്കള്‍' ആണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. ശത്രുക്കള്‍ നുഴഞ്ഞു കയറി കലാപം സൃഷ്ടിച്ചാല്‍ നേരിടുമെന്ന് ആയത്തുള്ള അലി ഖമനേയിയും ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. അതിനിടെ ഇറാറിലെ പൗരോഹിത്യ ഭരണം അവസാനിപ്പിക്കാനുള്ള തുറന്ന ആഹ്വാനങ്ങളും പ്രതിഷേധത്തില്‍ ഉയർന്നു. എന്നാല്‍ പല ദിവസങ്ങളിലും ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതോടെ പ്രതിഷേധങ്ങളുടെ വ്യാപ്തിയും സംഘർഷവും സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമല്ല.















































































