ദില്ലി: രാജ്യത്ത് സൈബർ തട്ടിപ്പ് കേസുകള്‍ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. തട്ടിപ്പുകാർ നിരന്തരം പുതിയ രീതികള്‍ പ്രയോഗിക്കുന്നു.
അത്തരത്തിലുള്ള പുതിയതും അപകടകരവുമായ ഒരു തട്ടിപ്പാണ് സിം ബോക്സ് സ്‍കാം. ദില്ലി, നോയിഡ, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഇത്തരം തട്ടിപ്പ് നടത്തുന്ന സൈബർ ക്രൈം നെറ്റ്‌വർക്കിനെതിരെ സിബിഐ അടുത്തിടെ വലിയ നടപടി ആരംഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിയമവിരുദ്ധമായി വാങ്ങിയ 21,000-ത്തിലധികം സിം കാർഡുകള്‍ ഈ റെയ്ഡുകളില്‍ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇതാ സിം ബോക്‌സ് തട്ടിപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം.
എന്താണ് സിം ബോക്‌സ് തട്ടിപ്പ്?
സിം ബോക്സ് സ്‍കാമുകള്‍ നടത്താൻ തട്ടിപ്പുകാർ സിം ബോക്‌സ് എന്ന പ്രത്യേക ഉപകരണം ഉപയോഗിക്കുന്നു. ഈ ഉപകരണത്തിന് ആയിരക്കണക്കിന് സിം കാർഡുകള്‍ ഒരേസമയം പ്രവർത്തിപ്പിക്കാൻ കഴിയും. തട്ടിപ്പുകാർ ഈ സിം കാർഡുകള്‍ ഉപയോഗിച്ച് വ്യാജ കോളുകള്‍ വിളിക്കുകയും ഫിഷിംഗ് ലിങ്കുകള്‍, വ്യാജ ലോണ്‍ ഓഫറുകള്‍, വഞ്ചനാപരമായ നിക്ഷേപ പദ്ധതികള്‍ എന്നിവ അടങ്ങിയ ദശലക്ഷക്കണക്കിന് എസ്‌എംഎസ് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യുന്നു. ഈ സാങ്കേതികവിദ്യ അന്താരാഷ്ട്ര കോളുകളെ പ്രാദേശിക കോളുകളായി മറയ്ക്കുന്നു.
വ്യാജ ഐഡന്‍റിറ്റി ഉപയോഗിച്ച് സിം കാർഡ് വാങ്ങുന്നതിലൂടെയാണ് ഈ തട്ടിപ്പ് ആരംഭിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ച് തട്ടിപ്പുകാർ ആയിരക്കണക്കിന് സിം കാർഡുകള്‍ നേടുന്നു. ഈ സിം കാർഡുകള്‍ പിന്നീട് സിം ബോക്സ് ഉപകരണങ്ങളില്‍ നല്‍കി ദശലക്ഷക്കണക്കിന് വ്യാജ എസ്‌എംഎസ് സന്ദേശങ്ങളും കോളുകളും ദിവസവും അയയ്ക്കുകയും ചെയ്യുന്നു. അപകടകരമായ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്ന നിരവധി ആളുകള്‍ക്ക് അവരുടെ ഡാറ്റയോ പണമോ നഷ്‍ടമാകുന്നു.
സിം ബോക്സ് നെറ്റ്‌വർക്കുകള്‍ക്കെതിരെ സിബിഐ കര്‍ശനമായ നടപടി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരെ തട്ടിപ്പിന് ഇരയാക്കാൻ വിദേശ സൈബർ കുറ്റവാളികളും ഈ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ബാങ്ക് അക്കൗണ്ടുകള്‍ ചോർത്തല്‍, വ്യക്തിഗത ഡാറ്റ മോഷണം, വായ്‍പാ തട്ടിപ്പുകള്‍, സോഷ്യല്‍ മീഡിയ, ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യല്‍ തുടങ്ങിയവ ഉള്‍പ്പെടെ നിരവധി തട്ടിപ്പുകളാണ് ഇതിന് പിന്നില്‍ നടക്കുന്നത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
സിം ബോക്‌സ് തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?
അജ്ഞാത എസ്‌എംഎസുകളിലോ സന്ദേശങ്ങളിലോ ഉള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ലോണുകള്‍, നിക്ഷേപങ്ങള്‍, ജോലി അവസരങ്ങള്‍ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന എസ്‌എംഎസ് സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. ഈ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുകയും അയച്ചയാളുടെ നമ്പർ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും ചെയ്യുക. കൂടാതെ, അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങളെ വിശ്വസിക്കരുത്. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ഒടിപി, ബാങ്ക് വിശദാംശങ്ങള്‍ എന്നിവ ആരുമായും പങ്കിടരുത്. സംശയാസ്‍പദമായ സന്ദേശങ്ങള്‍ നിങ്ങളുടെ ടെലികോം ഓപ്പറേറ്ററെയോ സൈബർ ക്രൈം പോർട്ടലിനെയോ ഉടനടി അറിയിക്കുക.















































































