തിരുവനന്തപുരം: ആനപ്പാറയിൽ കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ബോധം കെട്ടു വീണു. നിയന്ത്രണം വിട്ട ബസ് മറ്റ് വാഹനങ്ങളിൽ ഇടിച്ച് നീങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. അപകടം മനസിലാക്കിയ കണ്ടക്ടർ മുന്നിലേക്കെത്തി ബ്രേക്ക് ചവിട്ടി ബസ് നിർത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ വെള്ളറട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസിൽ 35 യാത്രക്കാരുണ്ടായിരുന്നു.ഇന്നലെ വൈകിട്ട് നാല് മണിയോടെ ആനപ്പാറ ഇറക്കത്തിലാണു സംഭവം. ആനപ്പാറ ആശുപത്രിക്കു മുന്നിലെത്തിയപ്പോൾ യാത്രക്കാർക്ക് ഇറങ്ങാനായി കണ്ടക്ടർ വി.ജി വിഷ്ണു ബെല്ലടിച്ചു. എന്നാൽ ബസ് നിർത്തിയില്ല. ബെല്ലടിച്ചത് ഡ്രൈവർ കേട്ടില്ലെന്ന് കരുതി യാത്രക്കാർ ഇറങ്ങാനുണ്ടെന്ന് കണ്ടക്ടർ വിളിച്ചുപറഞ്ഞു. എന്നിട്ടും ബസ് നിർത്തിയില്ല. ഇതിനിടെ ആനപ്പാറ കവലയിൽനിന്ന് ആറാട്ടുകുഴിയിലേക്ക് തിരിയേണ്ട ബസ് കോവില്ലൂർ റോഡിലേക്ക് കയറി. റോഡിൻ്റെ സമീപത്തുണ്ടായിരുന്ന ബൈക്കിലും കാറിലുമടക്കം ബസ് തട്ടിയതോടെ യാത്രക്കാർ ഭയന്ന് നിലവിളിച്ചു. ഇതോടെ വിഷ്ണു ഡ്രൈവറുടെ സീറ്റിന് സമീപത്തേക്ക് എത്തി. ഉടൻ തന്നെ ബ്രേക്ക് ചവിട്ടി ബസ് നിർത്തിയതോടെ വൻ ദുരന്തമൊഴിവായി. മറ്റൊരു വാഹനത്തിൽ രാജേഷിനെ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
