തൃശൂർ: തൃശൂരിൽ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അനീഷയുടെ വീട്ടിൽ ഫോറൻസിക്ക് സംഘം പരിശോധന നടത്തി. തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവി ഡോ.ഉന്മേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
ആദ്യത്തെ കുഞ്ഞിനെ കുഴിച്ചുമൂടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. ഇന്നലെ ഇരുപ്രതികളെയും ആമ്പല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കുഴിച്ചിട്ട സ്ഥലത്ത് നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും സാമ്പിളുകളും ശേഖരിക്കലാണ് സംഘത്തിന്റെ ലക്ഷ്യം. ഇവിടെ നിന്ന് ലഭിക്കുന്ന തെളിവുകളാണ് തുടരന്വേഷണത്തിന് നിർണായകമാകുക.
വീടിന് സമീപത്തായി അനീഷ കുഴിയെടുക്കുന്നത് കണ്ടിരുന്നുവെന്നാണ് അയൽവാസി പൊലീസിന് നൽകിയ മൊഴി. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29ന് ചേട്ടന്റെ മുറിയിൽ വെച്ച് രണ്ടാമത്തെ കുഞ്ഞിനെയും കൊന്നു. അനീഷ യൂട്യൂബ് നോക്കിയാണ് പ്രസവിച്ചത് എന്ന് മൊഴി നൽകിയിട്ടുണ്ട്.
ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചത് പ്രസവത്തിന് സഹായകമായെന്നും യുവതി മൊഴി നൽകി. കേസിൽ അറസ്റ്റിലായ മാതാപിതാക്കളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ തന്നെ തെളിവെടുപ്പും പൂർത്തിയാക്കിയിരുന്നു.