ശബരിമലയിലെ സ്വർണക്കവർച്ചക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും, ദേവസ്വം കമ്മിഷണറുമായിരുന്ന എൻ.വാസുവിനെ വീണ്ടും ചോദ്യംചെയ്യാൻ തീരുമാനിച്ചു.
അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോ റ്റി, മുരാരി ബാബു, ഡി.സുധീഷ് കുമാർ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ഒരുമിച്ചു ചോദ്യം ചെയ്‌തതിന്റെ പിന്നാലെയാണിത്. അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നതരിലേക്കു നീങ്ങുമ്പോൾ സിപിഎം നേതൃത്വം സമ്മർദത്തിലായി. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ നാലാം പ്രതിയെ അറസ്‌റ്റ് ചെയ്തിട്ടും മൂന്നാം പ്രതി വാസുവിനെ കസ്‌റ്റഡിയിലെടുത്തിട്ടില്ല. വാസുവിൻ്റെ കസ്‌റ്റഡിയിലേക്കു നീങ്ങിയാൽ കാര്യങ്ങൾ കൈവിടുമെന്ന ആശങ്ക സർക്കാരിനും സിപിഎമ്മിനുമുണ്ട്. ശബരിമലയിലെ സ്വർണ പാളികൾ ആദ്യമായി ചെമ്പെന്നു രേഖപ്പെടുത്തിയത് ദേവസ്വം കമ്മിഷണറായിരുന്ന വാസു ബോർഡിൻ്റെ അംഗീകാര ത്തിനായി നൽകിയ കത്തിലാണ്. പിന്നീട് ദ്വാരപാലക ശിൽപ പാളികളുടെ കാര്യത്തിൽ ഇതേ തട്ടിപ്പ് ചെയ്ത മുരാരി ബാബു അറസ്‌റ്റിലായിട്ടും വാസുവിന് എസ്ഐടി ഇളവു നൽകിയത് എന്തിനാണെന്ന ചോദ്യമുയരുന്നുണ്ട്.












































































