കോഴിക്കോട്: ഷിബില വധക്കേസിന് പിന്നാലെ താമരശ്ശേരി പൊലീസിനെതിരെ വീണ്ടും ഗുരുതര ആരോപണം. രാത്രി കാർ തടഞ്ഞ് നിർത്തി ദമ്പതികളെ മർദ്ദിച്ച മൂന്നംഗ സംഘത്തിനെതിരെ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നാണ് ആരോപണം. പണം വാങ്ങി പരാതി ഒത്തുതീർപ്പാക്കാൻ പൊലീസ് നിർബന്ധിച്ചെന്ന് യുവതി പറഞ്ഞു. താമരശ്ശേരി ഇൻസ്പെക്ടറും എസ് ഐയും മോശമായി പെരുമാറിയെന്നും ദമ്പതികൾ ആരോപിക്കുന്നു.
പരാതി തീർപ്പാക്കിയെന്ന് തുണ പോർട്ടലിൽ പൊലീസ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. മൂന്നംഗ സംഘമാണ് രണ്ടു വയസ്സുകാരന്റെ മുൻപിൽ വച്ച് മാതാപിതാക്കളെ മർദ്ദിച്ചത്. മാനസികമായി തളർന്ന യുവതി ചികിത്സ തേടി. സ്ത്രീയെന്ന പരിഗണന പോലും പൊലീസ് നൽകിയില്ല. നാല് തവണ സ്റ്റേഷനിലെത്തി പരാതി പറഞ്ഞിട്ടും കേസെടുത്തില്ലെന്നും യുവതി ആരോപിച്ചു. താമരശ്ശേരിയിലെ ഷിബിലയുടെ കൊലപാതകത്തിൽ ഗ്രേഡ് എസ് ഐ നൗഷാദ് കെ കെയെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ ഇയാളെ കണ്ണൂർ ഡിഐജി യതീഷ് ചന്ദ്ര തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു.
കൊല്ലപ്പെട്ട ഷിബിലയുടെ പരാതിയിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഗ്രേഡ് എസ് ഐയെ സസ്പെൻഡ് ചെയ്തത്. ഷിബില നൽകിയ പരാതി ഗൗരവമായി എടുത്ത് അന്വേഷിച്ചില്ലെന്ന് കാണിച്ചായിരുന്നു നടപടി. യാസിറിനെതിരെ പരാതി നൽകിയ ശേഷം നിരന്തരമായി സ്റ്റേഷനിൽ വിളിച്ചിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ഷിബിലയുടെ പിതാവ് അബ്ദുറ്ഹമാൻ ആരോപണമുന്നയിച്ചിരുന്നു. പരാതി കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് നിഷ്ക്രിയത്വം ഉണ്ടായെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു.