മുംബൈ: മുംബൈയിൽ ഓടുന്ന ബസില്‍ പ്രസവിച്ച യുവതി കുഞ്ഞിനെ ബസില്‍ നിന്ന് പുറത്തേക്കറിഞ്ഞ് കൊന്നു. മഹാരാഷ്ട്രയിലെ പര്‍ബാനിയിലാണ് ഈ ക്രൂരഹത്യ നടന്നത്. സംഭവത്തില്‍ റിതിക ദേരെ(19), അല്‍ത്താഫ് ഷെയ്ഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പാത്രി-സേലു റോഡില്‍ ചൊവ്വാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. പൂനെയിൽ ജോലി ചെയ്യുന്ന റിതികയും അല്‍ത്താഫും പര്‍ബാനിയിലേക്കുള്ള സ്ലീപ്പര്‍ കോച്ച് ബസിലാണ് യാത്ര ചെയ്തിരുന്നത്. ഗര്‍ഭിണിയായിരുന്ന യുവതിക്ക് യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെടുകയും ബസില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് ഇരുവരും ഒരു തുണിയില്‍ പൊതിഞ്ഞ് കുഞ്ഞിനെ ബസിന്റെ ജനലിലൂടെ പുറത്തേക്കെറിയുകയായിരുന്നു. ബസില്‍ നിന്ന് എന്തോ പുറത്തേക്കെറിയുന്നത് ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അല്‍ത്താഫിനോട് ചോദിച്ചപ്പോള്‍ ഭാര്യ ഛര്‍ദിച്ചതാണെന്നായിരുന്നു ഇയാള്‍ മറുപടി നല്‍കിയത്. എന്നാല്‍, ബസില്‍ നിന്ന് എന്തോ വീണത് കണ്ടെത്തിയ നാട്ടുകാരനാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ നവജാതശിശുവിനെ കണ്ടത്. ഉടന്‍ തന്നെ അദ്ദേഹം പോലീസിനെ വിവരമറിയിക്കുകയും പോലീസ് സംഘം ബസ് പിന്തുടർന്നെത്തി യുവതിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്തു.