കോട്ടയം: മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇനി മുതല്‍ ശുദ്ധമായ കുടിവെള്ളം എടിഎം വഴി ലഭിക്കുന്ന പദ്ധതി നിലവില്‍ വന്നു. ഒരു രൂപ എടിഎം കൗണ്ടറില്‍ നിക്ഷേപിച്ചാല്‍ ശുദ്ധീകരിച്ച ഒരു ലിറ്റര്‍ കുടിവെള്ളം ലഭിക്കും. ഇന്നര്‍വീല്‍ ഓഫ് കോട്ടയം എന്ന സംഘടന മുന്‍കൈയെടുത്താണ് യന്ത്രം സ്ഥാപിച്ചത്. ഒപി വിഭാഗത്തിനു സമീപമുള്ള ഫാര്മസിയോടു ചേര്‍ന്നാണ് മെഷീന് സ്ഥാപിച്ചിരിക്കുന്നത്.
ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്. രതീഷ് കുമാര്‍ മെഷീന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്നര്‍വീല്‍ ജില്ലാ ചെയര്പേഴ്സന് സൂര്യപ്രഭ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സോണിയാ ജോര്‍ജ്, പ്രസിഡന്റ് മായാ ചെറിയാന്, പിആര്‍ഒ ഡോ. പി.എ. തോമസ് എന്നിവര്‍ സംബന്ധിച്ചു.