ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎൻഎ) നേതൃത്വത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തുന്ന പണിമുടക്ക് ശക്തമാകുന്നു. 2 പേരെ പിരിച്ചുവിട്ടു. ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.
അത്യാഹിത വിഭാഗങ്ങളെ ബാധിക്കാത്ത രീതിയിലാണ് പ്രതിഷേധമെങ്കിലും വാർഡ് ഡ്യൂട്ടികളിൽനിന്ന് നഴ്‌സുമാർ വിട്ടുനിൽക്കുന്നത് ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, ഡോ. ബൽറാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പിലാക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ 13-ഓളം ആവശ്യങ്ങളാണ് നഴ്‌സുമാർ മുന്നോട്ടുവെക്കുന്നത്.
അതേ സമയം സമരം ചെയ്യുന്ന നഴ്‌സുമാരോട് ചൊവ്വാഴ്‌ച രാവിലെ എട്ട് മണിക്ക് മുൻപായി ഹോസ്റ്റൽ ഒഴിയണമെന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ മാനേജ്മെന്റ് നോട്ടീസ് നൽകി. മെസ് സൗകര്യം നിർത്തലാക്കുമെന്നും മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയതായി നഴ്‌സുമാർ ആരോപിക്കുന്നു. 2 പേർക്ക് പിരിച്ചു വിടൽ നോട്ടീസും നൽകി. ഇതിൽ പ്രതിഷേധിച്ച് നഴ്സ്‌മാർ കളക്‌ടറേറ്റിന് മുന്നിലും ആശുപത്രിക്ക് മുന്നിലും ധർണ സംഘടിപ്പിച്ചു.













































































