വൈദികനെ പൊതുജനമധ്യത്തിൽ അപമാനിച്ചതിൽ പ്രതിക്ഷേധം. ഇക്കഴിഞ്ഞ 22-ന് ചിങ്ങവനം എസ്.ഐയുടെ നേതൃത്വത്തിൽ ചിങ്ങവനം സായിപ്പുകവലയിൽ നടന്ന ബ്രീത്ത് അനലൈസർ ടെസ്റ്റിനിടെ ആണ് സംഭവം. കുറിച്ചി വലിയപള്ളി വികാരി ഫാ. ഫിലിപ്പോസ് (റിറ്റു അച്ചൻ) പാച്ചിറയേയാണ് നടുറോഡിൽ നാട്ടുകാർ നോക്കിനിൽക്കെ പോലീസിന്റെ അപമാനത്തിനിരയാക്കിയതായി പരാതി ഉയർന്നത്. വൈദികവേഷത്തിൽ പള്ളിയിലേക്ക് പോകുകയായിരുന്നു ഫാ.റിറ്റു. ബൈക്കിലെത്തിയ ഇദ്ദേഹത്തെ പോലീസ് തടഞ്ഞുനിർത്തി ബ്രീ ത്ത് അനലൈസർ കാട്ടി ഊതാൻ ആവശ്യപ്പെട്ടു.
താൻ മദ്യപിക്കുന്നയാളല്ലെന്നും പൊതുജന മധ്യത്തിൽ തന്നെ ഇത്തരത്തിൽ ഊതിക്കുന്നത് ശരിയാണോയെന്നും വൈദികൻ ചോദിച്ചു എങ്കിലും പരിശോധന നടത്തി. അതിന് ശേഷം വൈദികനെ അപമാനിക്കുന്നതരത്തിൽ പോലീസ് സംസാരിച്ചു എന്നാണ് പരാതി. പൗരൻ എന്ന നിലയിൽ നിയമപാലകരുടെ നിർദ്ദേശങ്ങൾ പാലിച്ച ശേഷവും അപമാനിച്ചതിലാണ് പ്രതിക്ഷേധം ഉയർന്നിരിക്കുന്നത്
കുപ്പായമിട്ടാൽ മര്യാദയ്ക്ക് ഇരിക്കണം, കൊണ്ടു പോയി കേസ് കൊടുക്ക്, തന്നെയൊന്നും ചെയ്യാനില്ല, തന്റെ പേര് എഴുതിയെടുത്തോളൂ എന്നൊക്കെ പോലീസുകാരൻ വൈദികനോട് പറഞ്ഞതായി സഭ നൽകിയ പരാതിയിൽ പറയുന്നു. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലീസുകാരൻ കൂട്ടാക്കിയില്ല. സംഭവത്തിൽ, വൈദികനെ അപമാനിച്ചെന്നുകാട്ടി മുഖ്യമന്ത്രിക്കും, മന്ത്രി വി.എൻ. വാസവനും ഓർത്തഡോക്സ് സഭ പരാതി നൽകി.