പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. കൊടുന്തറ സ്വദേശികളായ ദമ്പതികളുടെ ഏഴു വയസ്സുള്ള മകനെ ചികിത്സിച്ചതിൽ ഗുരുതര വീഴ്‌ചയെന്നാണ് പരാതി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മനു. വിഷയത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ആരോപണവുമായി മനുവിൻ്റെ പിതാവ് രംഗത്തെത്തി.
സൈക്കിളിൽ നിന്ന് വീണ് കൈക്ക് പരിക്കേറ്റ കുട്ടിക്ക് കൃത്യമായി ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. കൈക്ക് സംഭവിച്ച ചതവ് ചികിത്സിക്കാതെ പ്ലാസ്റ്റർ ഇട്ട് ആശുപത്രിയിൽ നിന്ന് വിട്ടയച്ചുവെന്നും കുട്ടിയുടെ കൈ പിന്നീട് പഴുത്ത് വ്രണമായി മാറിയെന്നും കുടുംബം പറയുന്നു. അസഹനീയമായ വേദന മൂലം വീണ്ടും ആശുപത്രിയിലെത്തി. കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ച് ഡോക്ടർമാർ ചികിത്സിക്കാതെ വിട്ടയച്ചുവെന്ന് പിതാവ് മനോജ് പറയുന്നു. കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയിലാണെന്നും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.