പോലീസിന്റേത് പ്രകോപനപരമായ നടപടി എന്നാരോപിച്ച് എം.എൽ.എ പ്രതിഷേധിച്ചതോടെ പിന്മാറ്റം.
ആശാപ്രവർത്തകരോടുള്ള സർക്കാരിൻ്റെ നിഷേധാത്മക നടപടികൾക്കെതിരെ നടത്തിവരുന്ന ആയിരം പ്രതിഷേധങ്ങളുടെ ഭാഗമായി കോട്ടയം കളക്ട്രേറ്റിന് മുന്നിൽ നടന്ന ജില്ലാതല ഉദ്ഘാടന വേളയിലാണ് സംഭവം.
പോലീസ് സമരപ്പന്തൽ പൊളിച്ച് നീക്കാനായി എത്തിയതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടന പ്രസംഗം നിർത്തി.
പന്തൽ പൊളിക്കാൻ ഓർഡർ ഉണ്ടോ എന്നും, ആശാ പ്രവർത്തകരായതുകൊണ്ടാണോ പോലീസിന്റെ കിരാത നടപടി എന്ന് ആരാഞ്ഞു.
പന്തൽ പൊളിക്കാൻ അനുവദിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ഇവർ പിന്മാറുകയായിരുന്നു.
തൊഴിലാളി സമരങ്ങളുടെ പേരിൽ അധികാരത്തിൽ ഇരിക്കുന്ന സി.പിഎം സർക്കാരാണ് സ്ത്രീ തൊഴിലാളികളെ ഇങ്ങനെ ദ്രോഹിക്കുന്നതെന്നും, ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും എംഎൽഎ പ്രസംഗത്തിൽ പറഞ്ഞു.
എന്നാൽ കളക്ടറേറ്റിനു മുമ്പിൽ പന്തൽ കെട്ടിയുള്ള സമരത്തിന് കോടതി വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് പന്തൽ പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ടത്. എംഎൽഎ ഉദ്ഘാടനത്തിനായി എത്തുന്നതിന് മുമ്പ് തന്നെ പന്തലിൻ്റെ തകിട് ഷീറ്റുകൾ ഇവർ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നാലെ ഉദ്ഘാടനത്തിനായി എംഎൽഎ എത്തിയ ശേഷമാണ് അദ്ദേഹത്തിൻ്റെ ഇടപെടൽ ഉണ്ടായത്.