എല്‍ഡിഎഫിലെയും യുഡിഎഫിലെയും പ്രധാന കക്ഷികളെല്ലാം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അതേ എണ്ണം സീറ്റുകളിലാണ് ഇത്തവണയും ജനവിധി തേടുന്നത്. സിപിഎം സ്വതന്ത്രർ അടക്കം കഴിഞ്ഞ തവണത്തേത് പോലെ തന്നെ 86 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഘടക കക്ഷികളില്‍ നിന്ന് കോവളം, തിരുവനന്തപുരം, കാസർകോട്, വള്ളിക്കുന്ന് സീറ്റുകള്‍ ഏറ്റെടുക്കുകയും കൂടി ചെയ്തതോടെ ഫലത്തില്‍ സിപിഎമ്മിന്റെ മത്സരം 90 സീറ്റിലേക്കെത്തി. സിപിഎം വിട്ടുവന്ന മൂന്ന് സ്വതന്ത്രരെ സ്വന്തം സീറ്റില്‍ പിന്തുണക്കുന്നത് കൂടി കണക്കിലെടുത്താല്‍ കോണ്‍ഗ്രസിന്റെ മത്സരം 95 സീറ്റിലാണ്.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഓരോ മുന്നണിയിലെയും പാർട്ടികള്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ഇപ്രകാരമാണ്- എല്‍ഡിഎഫ്: സിപിഎം (സ്വതന്ത്രർ അടക്കം) 86, സിപിഐ 25, കേരള കോണ്‍ഗ്രസ് (എം) 12, ആർജെഡി 3, എൻസിപി 3, സോഷ്യലിസ്റ്റ് ജനതാദള്‍ 3, കേരള കോണ്‍ഗ്രസ് (ബി) 1, ആർഎസ്പി (ലെനിനിസ്റ്റ്- കോവൂർ കുഞ്ഞുമോൻ) 1, ഐഎൻഎല്‍ 1, കോണ്‍ഗ്രസ് (എസ്) 1, ഇടതുമുന്നണി സ്വതന്ത്രർ- 4.
യുഡിഎഫ്: കോണ്‍ഗ്രസ് 95, മുസ്‍ലിം ലീഗ് 27, കേരള കോണ്‍ഗ്രസ് (ജെ) 8, ആർഎസ്പി 4, കേരള കോണ്‍ഗ്രസ് (ജേക്കബ്) 1, ആർഎംപി 1. കൂടാതെ സ്വതന്ത്രരായി മത്സരിക്കുന്ന നാലുപേരെ പിന്തുണക്കുന്നുമുണ്ട്. എൻഡിഎയില്‍ ബിജെപി 97, ബിഡിജെഎസ് 23, ട്വന്റി-20 19, സ്വതന്ത്രൻ (ജെആർഎസ്) 1 എന്നിങ്ങനെയാണ് കക്ഷികള്‍ മത്സരിക്കുന്ന സീറ്റുകള്‍.
2021ലെ തെരഞ്ഞെടുപ്പില്‍ ഓരോ മുന്നണിയും മത്സരിച്ച സീറ്റുകളും നേടിയ സീറ്റുകളും ഇപ്രകാരമായിരുന്നു (മത്സരിച്ച സീറ്റുകള്‍ ബ്രായ്ക്കറ്റില്‍)- എല്‍ഡിഎഫ്: സിപിഎം 62 (86), സിപിഐ 17 (25), കേരള കോണ്‍ഗ്രസ്-എം 5 (12), ജനതാദള്‍-എസ് 2 (4), എൻസിപി 2 (3), എല്‍ജെഡി 1 (3), ഐഎൻഎല്‍ 1 (3), കോണ്‍ഗ്രസ്-എസ് 1 (1), കേരള കോണ്‍ഗ്രസ്-ബി 1 (1), ജനാധിപത്യ കേരള കോണ്‍ഗ്രസ് 1 (1), ആർഎസ്പി-എല്‍ 1 (1), എല്‍ഡിഎഫ് സ്വതന്ത്രർ 5 (9).
യുഡിഎഫ്: കോണ്‍ഗ്രസ് 21 (93), മുസ്‍ലിം ലീഗ് 15 (27), കേരള കോണ്‍ഗ്രസ്-ജോസഫ് 2 (10), ആർഎസ്പി 0 (5), എൻസികെ 1 (2), കേരള കോണ്‍ഗ്രസ്-ജേക്കബ് 1 (1), സിഎംപി-സി.പി ജോണ്‍ 0 (1), ആർഎംപി 1 (1).
എൻഡിഎയില്‍ ബിജെപി 113 സീറ്റിലും ബിഡിജെഎസ് 21 സീറ്റിലും എഡിഎംകെ, കാമരാജ് കോണ്‍ഗ്രസ്, ജെആർഎസ്, എൻഡിഎ സ്വതന്ത്രർ എന്നിവർ ഓരോ സീറ്റില്‍ വീതവും മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാനായില്ല.
ഇടതുമുന്നണിയില്‍ എം.എല്‍.എമാരായിരുന്നവരും സിറ്റിങ് എംഎല്‍എയുമടക്കം ആറു പേരാണ് ഇത്തവണ മറുചേരിയിലെത്തി ജനവിധി തേടുന്നത്. ദേവികുളം മുൻ സിപിഎം എംഎല്‍എ എസ്.രാജേന്ദ്രൻ, വൈക്കത്തെ മുൻ സിപിഐ എംഎല്‍എ കെ. അജിത്ത്, നാട്ടികയിലെ സിപിഐ സിറ്റിങ് എംഎല്‍എ സി.സി. മുകുന്ദൻ എന്നിവർ ബി.ജെ.പി സ്ഥാനാർഥികളാണ്. കൊട്ടാരക്കര മുൻ എംഎല്‍എ ഐഷ പോറ്റി കോണ്‍ഗ്രസ് സ്ഥാനാർഥിയാണെങ്കില്‍ അമ്പലപ്പുഴയില്‍ ജി. സുധാകരനും പാലക്കാട്ടെ പി.കെ. ശശിയും ഇക്കുറി യുഡിഎഫ് പിന്തുണയിലാണ് പോരിനിറങ്ങുന്നത്.
ഇതിനുപുറമെ സിപിഎമ്മിനോട് ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ച പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനെയും തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദനെയും യുഡിഎഫ് പിന്തുണക്കുന്നു. വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന എ. സുരേഷ് കോണ്‍ഗ്രസിന്‍റെ മലമ്പുഴ സ്ഥാനാർഥിയാണ്. സ്വന്തം ക്യാമ്പില്‍ നിന്നുള്ള 'എക്സ് എംഎല്‍എ'മാരുടെ ശത്രുഭീഷണി യുഡിഎഫിനില്ലെങ്കിലും നേതാക്കള്‍ കൂറുമാറി എതിർചേരിയില്‍ സ്ഥാനാർഥികളായിട്ടുണ്ട്.
അടൂർ സീറ്റില്‍ പരിഗണിക്കാത്തതിനെ തുടർന്ന് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട്ടില്‍ എൻഡിഎ സ്ഥാനാർഥിയാണ്. കൊട്ടാരക്കരയില്‍ കഴിഞ്ഞതവണ കോണ്‍ഗ്രസിനുവേണ്ടി ജനവിധി തേടിയ ആർ. രശ്മിയാണ് ഇക്കുറി ഇതേ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി.













































































