മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീതസംവിധായകന് മുഹമ്മദ് സഹൂര്‍ ഖയ്യാം അന്തരിച്ചു. 92 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതംമൂലം മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു അന്ത്യം. പത്മഭൂഷണും (2011) മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവും (1982) സംഗീത നാടക അക്കാദമി പുരസ്കാരവും (2007)ഉള്‍പ്പെടെ നിരവധി പുരസ്കാരം നേടിയിട്ടുണ്ട്.
ആറു പതിറ്റാണ്ടു നീണ്ട സംഗീതജീവിതത്തില്‍ നിരവധി പ്രശസ്ത ഗാനങ്ങള്‍ക്ക് ഖയ്യാം ഈണമിട്ടു. കഭീ... കഭീ...(ചിത്രം: കഭീ... കഭീ...), ദില്‍ ചീസ് ക്യാഹെ.., ഇന്‍ ആംഖോം കീ മസ്തീ... (ഉംറാവുജാന്‍) മൊഹബ്ബത്ത് ബഡേ കാം കീ(തൃശൂല്‍) തുടങ്ങി എക്കാലത്തെയും ഹിറ്റ് ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ സംഭാവനയാണ്. സഹീര്‍ ലുധിയാന്‍വി എഴുതിയ കഭീ... കഭീ... ഇന്നും ഇന്ത്യക്കാരുടെ ചുണ്ടുകളില്‍ നിലനില്‍ക്കുന്ന ഗാനമാണ്. ഹിന്ദുസ്ഥാനി സംഗീതത്തില്‍ പാട്ടുകളൊരുക്കുമ്പോഴും ഗസലിന്റെ സ്പര്ശമുള്ളവയായിരുന്നു ഖയ്യാമിന്റെ മിക്ക പാട്ടും.
കിഷോര്‍കുമാര്‍, ആശ ഭോസ്ലെ, ലത മങ്കേഷ്കര്‍, യേശുദാസ് തുടങ്ങി ഒട്ടേറെപ്പേര്‍ ഖയ്യാമിന്റെ സംഗീത സംവിധാനത്തിനു കീഴില്‍ ഗാനങ്ങള്‍ ആലപിച്ചു.
17-ാം വയസ്സില്‍ ബാബാ ചിഷ്തിയുടെ സഹായിയായാണ് സംഗീതസംവിധാനരംഗത്തേക്ക് ഖയാം ചുവടുവച്ചത്. 1927ല്‍ പഞ്ചാബില്‍ റാഹോണിലാണ് ഖയ്യാം ജനിച്ചത്. പണ്ഡിറ്റ് അമര്‍നാഥിനു കീഴിലാണ് സംഗീതം അഭ്യസിച്ചത്. നടനാകാന്‍ ആഗ്രഹിച്ച അദ്ദേഹം പിന്നീട് സംഗീതത്തിലേക്ക് തിരിയുകയായിരുന്നു. രണ്ടാംലോക മഹായുദ്ധകാലത്ത് സൈനികസേവനവും അനുഷ്ഠിച്ചു. രാജ്യത്ത് ഉയര്‍ന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഖയ്യാം ജഗജീത് കൗര്‍ കെപിജി ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് തന്റെ മുഴുവന്‍ സ്വത്തും കൈമാറാന്‍ ഇദ്ദേഹം തീരുമാനിച്ചിരുന്നു.
ഗായികയായിരുന്ന പരേതയായ ജഗജിത് കൗറാണ് ഭാര്യ. പരേതനായ നടന് പ്രദീപ് ഖയ്യാമാണ് മകന്.