ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെതിരേ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസിന് നേരേ നിരന്തരം കല്ലേറുണ്ടായതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കണ്ണീർവാതക പ്രയോഗത്തിൽ ഒട്ടേറെപ്രവർത്തകർക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായി. ഇവരെ ആംബുലൻസുകളിലും പോലീസ് വാഹനത്തിലും ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച ഉച്ചയോടെയാണ് ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് തടഞ്ഞു. ഇതോടെ ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പോലീസിന് നേരേ കല്ലേറുമുണ്ടായി. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിന്തിരിയാതിരുന്നതോടെയാണ് പോലീസ് പലതവണയായി കണ്ണീർവാതകം പ്രയോഗിച്ചത്.














































































