കോട്ടയം: നെടുംകുന്നം നെടുമണ്ണിയിലെ തടയണ മൂലം പ്രദേശവാസികൾക്കുണ്ടാകുന്ന ദുരിതം അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ വികസനസമിതി യോഗം നിർദ്ദേശം നൽകി. സമീപവീടുകളിൽ വെള്ളം കയറുന്നതും കൃഷി നശിക്കുന്നതുമടക്കമുള്ള കാര്യങ്ങൾ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ചൂണ്ടിക്കാട്ടിയതിനേത്തുടർന്നാണ് തീരുമാനം.തടയണയിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നവരെയും തടയണകാരണം ദുരിതം അനുഭവിക്കുന്നവരെയും വിളിച്ചുചേർത്ത് പ്രശ്നപരിഹാര സാധ്യത തേടാൻ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് യോഗം നിർദ്ദേശം നൽകി.
കാഞ്ഞിരപ്പള്ളി ടൗണിൽ ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ അറിയിച്ചു. ഈ പ്രവൃത്തികൾക്കു മേൽനോട്ടം വഹിക്കാൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വലിയ വാഹനങ്ങൾ വഴി തിരിച്ചു വിടുന്ന തടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പോലീസ്, മോട്ടോർ വാഹനവകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടേതടക്കമുള്ള ഒഴിവുകൾ ശബരിമല സീസൺ ആരംഭിക്കുന്നതിനു മുൻപേ നികത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ പങ്കെടുത്തു.













































































