കേന്ദ്രസര്‍ക്കാര്‍ ഇന്ന് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എംപി കേരളത്തിലെ കര്‍ഷകരെയും സംസ്ഥാനത്തെ ഗതാഗത അടിസ്ഥാനസൗകര്യങ്ങളെയും ബാധിക്കുന്ന രണ്ട് നിര്‍ണായക വിഷയങ്ങള്‍ ശക്തമായി ഉന്നയിച്ചു.
സംസ്ഥാനത്തെ സാധാരണ കര്‍ഷകര്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് വനവകുപ്പ് കൃഷിയിടങ്ങള്‍ ഏറ്റെടുക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതില്‍ നിര്‍ണായകമായ ഒരു മുന്നേറ്റമായിരുന്നു Forest Conservation Amendment Act 2023. കര്‍ഷകരുടെ കൃഷിയിടങ്ങള്‍ അനാവശ്യമായി വനഭൂമിയായി രേഖപ്പെടുത്തുന്നതില്‍ നിന്നും സംരക്ഷിക്കാനും, കര്‍ഷകരുടെ കൃഷിയിടങ്ങളിലേക്ക് വനംവകുപ്പ് അനാവശ്യമായി തര്‍ക്കത്തിലേക്ക് പോകാന്‍ പാടില്ല എന്നുള്ള നിയമമായിരുന്നു. കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസം നല്‍കിയ ഈ നിയമത്തെ ചില മുന്‍ ഫോറസ്റ്റ് ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.ഇത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇത് ദേശീയ തലത്തിലോ, അന്തര്‍ദേശീയ തലത്തിലോ ഉള്ള ഒരു ലോബി വനം കൂട്ടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിരിക്കുന്നു. ഇപ്പോള്‍ നിലവിലെ സ്റ്റാറ്റസ്‌കോ നിലനില്‍ക്കുന്നു. അതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഇക്കാര്യത്തില്‍ അത്യാവശ്യമാണെന്നും ജോസ് കെ.മാണി ചൂണ്ടിക്കാട്ടി.
ദേശീയപാത റയില്‍ വികസനം ജനസാന്ദ്രത അടിസ്ഥാനമാക്കി വേണം
രാജ്യത്തെ ദേശീയപാതയുടെയും റെയില്‍വേ വികസനവും ജനസാന്ദ്രതയെ അടിസ്ഥാനമാക്കി മുന്‍ഗണന നല്‍കേണ്ടതും, പദ്ധതിക്കുള്ള തുക അനുവദിക്കേണ്ടതെന്നും ജോസ് കെ. മാണി നിര്‍ദേശിച്ചു. കേരളത്തില്‍ ജനസാന്ദ്രത കൂടുതലായതുകൊണ്ടും, സ്ഥലലഭ്യത കുറവായതുകൊണ്ടും എലിവേറ്റഡ് ഹൈവേക്ക് കൂടുതല്‍ പ്രധാന്യം കൊടുക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു












































































