മൂവാറ്റുപുഴ: ദേശീയപാത 85ലുള്‍പ്പെടുന്ന കോതമംഗലം, മൂവാറ്റുപുഴ ബൈപ്പാസുകള്‍ക്ക് വിശദമായ പദ്ധതിരേഖ (ഡിപിആർ) തയാറാക്കുന്നതിനായി ദേശീയപാത അഥോറിറ്റി ടെൻഡർ ക്ഷണിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്.
ദേശീയപാത 85ന്‍റെ ഭാഗമായുള്ള ഈ ബൈപ്പാസുകള്‍ പൂർത്തിയാകുന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് വലിയൊരളവില്‍ പരിഹാരമാകും. നിലവില്‍ രണ്ടു പട്ടണങ്ങളിലുമായി ആകെ 15 കിലോമീറ്റർ നീളത്തില്‍ രണ്ടുവരി പാതയായിട്ടാണ് ബൈപ്പാസുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിനുള്ള കണ്‍സള്‍ട്ടൻസി സേവനങ്ങള്‍ക്കായാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.
രണ്ടു ബൈപ്പാസുകള്‍ക്കും 2023ല്‍ ദേശീയപാത അഥോറിറ്റി അംഗീകാരം നല്‍കുകയും തുക വകയിരുത്തുകയും ചെയ്തു. എൻഎച്ച് (അതേർസ്) എന്ന പ്രത്യേക ഹെഡ്ഡിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ഈ ഗണത്തില്‍ വരുന്ന പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പടെ പദ്ധതിക്ക് അനുവദിക്കപ്പെട്ട തുകയുടെ നിശ്ചിത ശതമാനം അതത് സാമ്പത്തിക വർഷം തന്നെ ഉപയോഗപ്പെടുത്തേണ്ടതാണ്.
2023 ഡിസംബർ ഏഴിനു, 3 എ വിജ്ഞാപനം പുറപ്പെടുവിച്ചതിനു ശേഷം ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് എൻഎച്ച്‌എഐ ചെയർമാൻ തുടർച്ചയായി കേരള സർക്കാരിനോട് ആവശ്യപ്പെട്ട് കത്തയച്ചെങ്കിലും സ്ഥലമെടുപ്പ് നടപടികള്‍ വളരെയധികം വൈകിയതായും 2024 മാർച്ച് 30ന് 3 ഡി വിജ്ഞാപനം പോലും പുറപ്പെടുവിക്കാൻ സാധിക്കാതെ വരികയും ചെയ്തതായും എംപി പറഞ്ഞു. പിന്നീട് നിരന്തര ചർച്ചകളെ തുടർന്ന് മൂവാറ്റുപുഴ, കോതമംഗലം ബൈപ്പാസിന് ജീവൻ വയ്ക്കുകയായിരുന്നു.
പരമാവധി ഭൂമി ഏറ്റെടുക്കല്‍ തുക കുറയ്ക്കണം എന്നതാണ് കേന്ദ്ര സർക്കാർ നിലപാട്. ആ നിലയില്‍ വീണ്ടും ഡിപിആർ തയാറാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.