പാലക്കാട്: പാലക്കാട് പൊതുപരിപാടിയില്‍ സ്വീകരണത്തിന് നിരോധിച്ച പ്ലാസ്റ്റിക് ബൊക്കെ ഉപയോഗിച്ച സംഭവത്തില്‍ വിശദീകരണവുമായി കുന്നത്തൂര്‍ പഞ്ചായത്ത് അംഗങ്ങള്‍. പ്ലാസ്റ്റിക് ബൊക്കെ നല്‍കി സ്വീകരിച്ചതില്‍ വീഴ്ച്ച പറ്റിയതായി പഞ്ചായത്ത് പ്രസിഡന്റ് പി ടി സഹദേവന്‍ പ്രതികരിച്ചു. ഉദ്ഘാടന പരിപാടിയില്‍ ഹരിത പ്രോട്ടോകോള്‍ മുഴുവന്‍ പാലിച്ചിരുന്നു, എന്നാല്‍ ബൊക്കെയുടെ കാര്യത്തില്‍ വീഴ്ച്ച സംഭവിച്ചു എന്നും സഹദേവന്‍ പറഞ്ഞു.
നിയമപ്രകാരമുള്ള പിഴയടയ്ക്കാന്‍ തയ്യാറാണ്. ഒരു അനുജനായി കണ്ട് വിമര്‍ശനം മന്ത്രി രഹസ്യമായി പറഞ്ഞാല്‍ മതിയായിരുന്നു. പരസ്യമായി വിമര്‍ശിച്ചത് കടുത്ത വിഷമം ഉണ്ടാക്കി എന്നും സഹദേവന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന കുത്തന്നൂര്‍ പഞ്ചായത്തിന് കെട്ടിട ഉദ്ഘാടനത്തിനിടെയായിരുന്നു പ്ലാസ്റ്റിക് ബൊക്കെ നല്‍കിയത്.
ഉദ്ഘാടന പരിപാടിയില്‍ മന്ത്രിയെ സ്വീകരിക്കാനായി കൊണ്ടുവന്ന ബൊക്കെ ചൂണ്ടിക്കാണിച്ചായിരുന്നു ചട്ടലംഘനത്തെക്കുറിച്ച് എം ബി രാജേഷ് സംസാരിച്ചത്. തന്റെ മുന്നിലേക്ക് കൊണ്ടുവന്ന ബൊക്കെ വാങ്ങിക്കാതെ ഇത് 10,000 രൂപ പിഴ ഈടാക്കേണ്ട സംഭവമാണെന്ന് എം ബി രാജേഷ് ചൂണ്ടിക്കാണിക്കുകയായിരുന്നു.
പ്ലാസ്റ്റിക് നിരോധനം നടത്താന്‍ തീരുമാനമെടുത്തത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. ആ വകുപ്പിന്റെ മന്ത്രിക്കാണ് ബൊക്കെ കൊണ്ടുവന്ന് തന്നത്. സര്‍ക്കാര്‍ നല്‍കുന്ന ഇത്തരം നിര്‍ദേശങ്ങളൊന്നും പല ആളുകളും ശ്രദ്ധിക്കുന്നില്ല എന്നതാണ് ഇതിലൂടെ മനസിലാക്കുന്നത് എന്നും എം ബി രാജേഷ് പറഞ്ഞു. നേരത്തെയും ചില പരിപാടികളില്‍ പ്ലാസ്റ്റിക് ബൊക്കെ നല്‍കിയുള്ള സ്വീകരണത്തെ എം ബി രാജേഷ് വിമര്‍ശിച്ചിരുന്നു.