കൊച്ചി: തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് കനത്ത തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. അയോഗ്യത നിലനിൽക്കും. ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്നും ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമുള്ള ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് വിധി പുറപ്പെടുവിച്ചത്.
മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രാതിനിധ്യ നിയമ പ്രകാരം ആന്‍റണി രാജുവിന് മത്സരിക്കാൻ അയോഗ്യതയുണ്ട്. ശിക്ഷ മരവിപ്പിച്ചില്ലെങ്കിൽ തനിക്ക് മത്സരിക്കാൻ കഴിയില്ലെന്നും ആന്‍റണി രാജു ഹൈക്കോടതിയെ അറിയിച്ചിരുന്നു. തിരുവനന്തപുരം സെൻട്രൽ സീറ്റിൽ വീണ്ടും സ്ഥാനാർത്ഥിയാകാൻ ശ്രമിക്കുന്നതിനിടെയാണ് ആന്‍റണി രാജുവിന് കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരിക്കുന്നത്.













































































