കേരളത്തിലെ ഫുട്ബോൾ ആരാധകർക്കുള്ള ഈ സർക്കാരിന്റെ ഏറ്റവും വലിയ സമ്മാനമായിരിക്കും മെസിയടങ്ങുന്ന അർജന്റീന ടീമിന്റെ സന്ദർശനമെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ. നമ്മുടെ ഫുട്ബോൾ മേഖലക്ക് വലിയ പ്രചോദനം നൽകാൻ മെസ്സിയുടെയും സംഘത്തിന്റെയും സാന്നിധ്യത്തിന് സാധിക്കും. കേരളത്തിന്റെ ടൂറിസം മേഖലക്കും സാമ്പത്തികമേഖലക്കും വലിയ പ്രോത്സാഹനം നൽകാനും കഴിയും.
അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ വസ്തുതകൾ മനസ്സിലാക്കാതെയും ദുരുദ്ദേശ്യത്തോടെയുമാണ്. തങ്ങളുടെ ദേശീയ ടീം കേരളത്തിൽ സൗഹൃദമത്സരത്തിന് വരില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA ) ഇതുവരെ അറിയിച്ചിട്ടില്ല. കരാർ പ്രകാരം 2025 ഓക്ടോബറിലാണ് ടീം എത്തേണ്ടത്. സർക്കാർ നിശ്ചയിച്ച സ്പോൺസർ റിസർവ് ബാങ്ക് അനുമതിയോടെ മാച്ച് ഫീ എഎഫ്എക്ക് കൈമാറിയതായി അറിയിച്ചിട്ടുമുണ്ട്. സന്ദർശനം 2026ലേക്ക് മാറ്റണമെന്ന പുതിയ ആവശ്യം എഎഫ്എ മുന്നോട്ടുവെച്ചു. അതു സമ്മതമല്ലെന്ന് അവരെ അറിയിച്ചിട്ടുണ്ട്.മെസ്സിയെയും സംഘത്തെയും കൊണ്ടുവരാൻ സംസ്ഥാന സർക്കാർ 100 കോടി രൂപ ചെലവഴിക്കുന്നു എന്നതായിരുന്നു ആദ്യം ഉയർത്തിയ ആരോപണം. എന്നാൽ, സർക്കാരിന്റെ ചെലവിലല്ല ടീം വരുന്നതെന്ന് വ്യക്തമായപ്പോൾ മന്ത്രി വിദേശത്തു പോകാൻ 13 ലക്ഷം രൂപ ചെലവഴിച്ചു എന്നായി പ്രചാരണം. കേന്ദ്ര കായിക, വിദേശ, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അർജന്റീന ടീമിനെ കൊണ്ടുവരാൻ ശ്രമം തുടങ്ങിയത്.എഎഫ്എ ഭാരവാഹികളുമായി ഓൺലൈനായി നടന്ന ആശയവിനിമയങ്ങളെ തുടർന്നാണ് സ്പെയ്നിലെ മാഡ്രിഡിൽ അവരുമായി ചർച്ച നടത്തിയത്. ഈ സന്ദർശനത്തെ തുടർന്നാണ് എഎഫ്എയും സ്പോൺസറും കരാറിൽ ഏർപ്പെട്ടത്. അർജന്റീന സോക്കർ സ്‌കൂളുകൾ കേരളത്തിൽ തുടങ്ങുക, കായികപരിശീലന അക്കാദമികൾ ആരംഭിക്കുക, നമ്മുടെ കോച്ചുമാർക്ക് പരിശീലനം നൽകുക തുടങ്ങിയ കാര്യങ്ങളും പരിഗണനയിലാണ്.അർജന്റീന ഫുട്ബോൾ ടീമിനെ ക്ഷണിക്കാൻ മാത്രമായിരുന്നില്ല ഈ സന്ദർശനം. ലോക ക്ലബ് ഫുട്ബോളിൽ ഒന്നാമതുള്ള സ്പെയ്നിലെ ലാ ലിഗ, സ്പെയ്ൻ ഹയർ സ്പോർട്സ് കൗൺസിൽ എന്നിവരുമായി സഹകരിക്കുന്നതിനും ഈ സന്ദർശനത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. കായികവൈദഗ്ധ്യ വികസന പരിപാടികൾ, സ്പോർട്സ് സയൻസ്, സ്പോർട്സ് റിസർച്ച്, കായികമേഖലയുടെ ഡിജിറ്റലൈസേഷൻ തുടങ്ങിയ വിഷയങ്ങളിൽ സ്പെയ്ൻ ഹയർ സ്പോർട്സ് കൗൺസിലുമായി ചർച്ച നടത്തി. അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സാങ്കേതിക സഹായം, സ്പോർട്സ് സ്‌കൂളുകളിലെ കരിക്കുലം പരിഷ്‌കരണം, പാരാ ഫുട്ബോൾ, കായികരംഗത്ത് സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളിലാണ് ലാ ലിഗ പ്രതിനിധികളുമായി ചർച്ച നടത്തിയത്.സംസ്ഥാനം കൊണ്ടുവന്ന പുതിയ കായികനയത്തിലെ പ്രധാന നിർദേശമാണ് കായിക സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്നത്. 200 ദശലക്ഷം ഡോളർ വരുന്ന നമ്മുടെ കായിക വിപണിയുടെ മൂല്യം അടുത്ത അഞ്ച് വർഷംകൊണ്ട് മൂന്നിരട്ടിയാക്കി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്. അതിന്റെ ആദ്യപടിയായിരുന്നു അന്താരാഷ്ട്ര കായിക ഉച്ചകോടി. 2024 ജനുവരിയിൽ നടന്ന ഉച്ചകോടിയിൽഎട്ട് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. കായിക സമ്പദ്വ്യവസ്ഥയുടെ വികസനത്തിന് ഏറവും പ്രധാനമാണ് വിദേശ സഹകരണം. കേരള നിയമസഭ അംഗീകരിച്ച 2025-26 സംസ്ഥാന ബജറ്റിലെ പ്ലാൻ റെറ്റപ്പ് പ്രകാരം കായികവകുപ്പിന് അനുവദിച്ച കായികവികസന നിധി എന്ന ഹെഡ്ഡിൽ വിദേശ സഹകരണത്തിന് ഉൾപ്പെടെ ചെലവഴിക്കാൻ 8.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ടീമുകളെ ക്ഷണിക്കുന്നതും മത്സരങ്ങളുടെ നടത്തിപ്പും ഉൾപ്പെടെ കായിക, മാനവവിഭവശേഷി വികസനത്തിന് അന്താരാഷ്ട്ര കായിക സഹകരണവും കൈമാറ്റങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന് കായികവികസന നിധിയുടെ ഹെഡ്ഡിൽ വിശദീകരിക്കുന്നുണ്ട്. അതുപ്രകാരമാണ് കായിക വകുപ്പ് സെക്രട്ടറിക്കും കായിക ഡയറക്ടർക്കും ഒപ്പം സ്പെയിൻ സന്ദർശനം നടത്തിയത്.കേരളം നിരവധി രാജ്യങ്ങളുമായി കായികരംഗത്ത് സഹകരിക്കുന്നുണ്ട്. യൂറോപ്പിൽ മുൻനിരയിലുള്ള നെതർലന്റ്സ് ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് നമ്മുടെ പരിശീലകർക്ക് റിഫ്രഷർ കോഴ്സ് നടത്തിയിരുന്നു. ആസ്േ്രതലിയയിലെ വിക്ടോറിയ സർവകലാശാലയുമായി ചേർന്ന് പരിശീലന വികസന പദ്ധതികളും ഇറ്റലിയിലെ എസി മിലാൻ ഫുട്ബോൾ ക്ലബുമായി ചേർന്ന് ജി.വി രാജ സ്പോർട്സ് സ്‌കൂളിൽ ഫുട്ബോൾ അക്കാദമിയും നടക്കുന്നുണ്ട്. ക്യൂബയുമായി സഹകരിച്ച് ചെ അന്താരാഷ്ട്ര ചെസ് ടൂർണമെന്റ് നടത്തിയിരുന്നു. ക്യൂബയിൽ നിന്ന് കായിക പരിശീലകരെ കൊണ്ടുവരാനുള്ള ധാരണാപത്രത്തിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.കേരളത്തെ ഒരു ആഗോള ഫുട്ബോൾ ഹബ്ബാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഫുട്ബോൾ രംഗത്ത് അഞ്ച് ലക്ഷം പേർക്ക് പരിശീലനം നൽകുന്നതിന് ഗോൾ പദ്ധതി ആരംഭിച്ചു. വനിതകൾക്കായി രണ്ട് അക്കാദമികൾ ഉൾപ്പെടെ സർക്കാരിന് കീഴിൽ മൂന്ന് ഫുട്ബോൾ അക്കാദമികൾ ആരംഭിച്ചു. ഈ രംഗത്ത് കൂടുതൽ വികസനത്തിന് വിദേശ സഹകരണം ആവശ്യമാണ്. സ്പോർട്സ് കൗൺസിലിന്റെ പത്തോളം അക്കാദമികളിൽ ഫുട്ബോൾ പരിശീലിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.