ബ്യൂണസ് ഐറിസ്: ആശുപത്രിയിൽ വേദനസംഹാരിയായി ഉപയോഗിക്കുന്ന ഫെന്റാനിലിൽ അപകടകരമായ ബാക്ടീരിയകൾ കലർന്ന് അർജന്റീനയിൽ 96 പേർ മരിച്ചതായി റിപ്പോർട്ട്. ബ്യൂണസ് ഐറിസ്, സാന്റാ ഡേ, കൊർഡോബ, ഫൊർമോസ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. 87 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഒമ്പത് മരണങ്ങളിൽ കാരണം അന്വേഷിച്ചുവരികയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിശദമായ പരിശോധനയിലാണ് വേദനസംഹാരിയിൽ ക്ലെബ്‌സിയല്ല ന്യൂമോണിയ, റൽസ്റ്റോണിയ പിക്കെറ്റി എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. വേദനസംഹാരിയായും അനസ്തീസിയക്കുമാണ് ഫെന്റാനിൻ ഉപയോഗിക്കുന്നത്.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എച്ച്എൽബി ഫാർമയും അതിന്റെ ലബോറട്ടറി പങ്കാളിയായ ലബോറട്ടോറിയോ റാമല്ലോയും നിർമ്മിക്കുന്ന ഫെന്റാനിലിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. മിക്ക രോഗാവസ്ഥകളിലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയകളെയാണ് ഫെന്റാനിലിൽ കണ്ടെത്തിയത്. മരിച്ചവരിൽ നിന്നെടുത്ത സാമ്പിളിലും ഫെന്റാനിലിന്റെ രണ്ട് ബാച്ചുകളിലും ബാക്ടീരിയ സാന്നിധ്യം അർജന്റീന ഡ്രഗ് റെഗുലേറ്ററി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരു ബാച്ച് പരക്കെ വിതരണം ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്.
എന്നാൽ ആരോപണങ്ങളെ എച്ച്എൽബി ഫാർമ കമ്പനി തള്ളിക്കളഞ്ഞു. ഫെന്റാനിൽ കൈമാറിയത് സുരക്ഷിതമായാണ്. അട്ടിമറി സംശയിക്കേണ്ടിവരും, മറ്റാരെങ്കിലും കലർത്തിയതാകാമെന്നും കമ്പനി ഉടമ ഏരിയൽ ഗാർസ്യ ഫർഫാറോ ആരോപിച്ചു. അതേസമയം മരണസംഖ്യ ഉയരുമ്പോഴും കേസ് നടപടികൾ വേണ്ടവിധം നടപ്പാകുന്നില്ലെന്ന് വിമർശനം ഉയരുന്നുണ്ട്. ഫെന്റാനിലിന്റെ ഉൽപാദനം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് 24 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ആർക്കുമെതിരെ ക്രിമിനൽ കുറ്റം ചുമത്തിയിട്ടില്ല. എന്നാൽ ഇവർക്ക് രാജ്യം വിടുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിലേറെ ആംപ്യൂളുകളിൽ അണുബാധയുണ്ടാകുമെന്നാണ് അധികൃതർ കരുതുന്നത്. ഇതിൽ 45000 ആംപ്യൂളുകൾ ഇതിനകം വിതരണം ചെയ്തതാണ്. ശേഷിച്ചവ കണ്ടെത്തി നശിപ്പിച്ചതായി അധികൃതർ അറിയിച്ചു.