മുതിർന്ന സി.പി.ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആർ. നല്ലകണ്ണ് അന്തരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 1.55ഓടെയായിരുന്നു അന്ത്യം.
101 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഫെബ്രുവരി ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. അവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
1925 ഡിസംബർ 26ന് തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഠത്താണ് നല്ലകണ്ണ് ജനിച്ചത്.15-ാം വയസ്സില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അംഗമായി. 80 വർഷത്തിലേറെ നീണ്ട സജീവ രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 13 വർഷത്തോളം (1992-2005) സി.പി.ഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. പാർട്ടി ദേശീയ എക്‌സിക്യുട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനും ജനകീയ പ്രക്ഷോഭങ്ങളില്‍ ഏർപ്പെട്ടതിനും പലതവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. നെല്ലൈ ഗൂഢാലോചനക്കേസില്‍ ശിക്ഷിക്കപ്പെട്ട അദ്ദേഹം വർഷങ്ങളോളം ജയിലിലായിരുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ധാർമികതയുടെ പ്രതീകമായാണ് നല്ലകണ്ണ് അറിയപ്പെടുന്നത്. തമിഴ്‌നാട് സർക്കാർ നല്‍കിയ അവാർഡ് തുകയായ ഒരു ലക്ഷം രൂപ പാർട്ടിക്ക് നല്‍കുകയും, തനിക്ക് ലഭിച്ച വീട് സർക്കാരിന് തിരികെ നല്‍കുകയും ചെയ്ത ചരിത്രം അദ്ദേഹത്തിനുണ്ട്. സാധാരണക്കാർക്കിടയില്‍ ജീവിച്ച അദ്ദേഹം അവസാനകാലം വരെ വാടകവീട്ടിലായിരുന്നു താമസം. നദീജല തർക്കങ്ങള്‍, മണല്‍ മാഫിയക്കെതിരായ പോരാട്ടം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. താമിരഭരണി നദിയിലെ മണല്‍ക്കൊള്ളക്കെതിരെ നടത്തിയ നിയമപോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്.













































































