ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് റസൂൽ പൂക്കുട്ടി; ജഗദീഷും സലിം കുമാറും പരിഗണനയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം നടന്നതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി രാജിവെച്ചു. പുതിയ യുഡിഎഫ് സർക്കാർ പദവിയിൽ തുടരാൻ ആവശ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു മുൻ ഇടതുപക്ഷ സർക്കാർ മുൻ ചെയർമാൻ പ്രേംകുമാറിനെ മാറ്റി റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നിയമിച്ചത്. അന്ന് ഈ നിയമനം സിനിമാ-സാംസ്കാരിക രംഗത്ത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.
റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെ പുതിയ ചെയർമാനെ നിയമിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിരിക്കുകയാണ്. കോൺഗ്രസ് അനുഭാവികളായ നടൻ ജഗദീഷ്, നടൻ സലിം കുമാർ, സംവിധായകനും നിർമാതാവുമായ ദീപു കരുണാകരൻ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളതെന്നാണ് സൂചന.
അതേസമയം നിലവിൽ ഏതെങ്കിലും പദവിയിലേക്ക് താൽപര്യമില്ലെന്നും സിനിമാ തിരക്കുകളിലാണെന്നും ജഗദീഷ് സാംസ്കാരിക വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പ്രൊഫഷണൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റുകൂടിയായ ദീപു കരുണാകരന്റെയും പേര് സജീവ ചർച്ചകളിലുണ്ട്.











































































