പാലായിൽ ആഘോഷമൊരുങ്ങുന്നു
പാലാ: എം.എൽ.എയും നേതാവുമായ മാണി സി. കാപ്പന് മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായതോടെ പാലായിൽ അനുയായികൾക്കിടയിൽ വലിയ ആവേശം. കാബിനറ്റ് റാങ്കോടുകൂടിയ ചെയർമാൻ പദവിയാണ് കാപ്പന് ലഭിച്ചിരിക്കുന്നത്. മുൻമന്ത്രി R. ബാലകൃഷ്ണപിള്ള
ഉൾപ്പെടെയുള്ള പ്രമുഖർ വഹിച്ചിരുന്ന പദവിയാണിത്.
രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിൽ ആദ്യ രണ്ടര വർഷം മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനായും തുടർന്ന് മന്ത്രിസ്ഥാനത്തേക്കുള്ള സാധ്യതയുമാണ് നേതൃതലത്തിൽ ചർച്ചയാകുന്നതെന്നാണു രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും യു.ഡി.എഫ് കേന്ദ്രങ്ങളിൽ ഇത് വലിയ രാഷ്ട്രീയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ, കാപ്പന്റെ നിയമനത്തെ വരവേൽക്കാൻ പാലായിൽ നിന്ന് തിരുവനന്തപുരം വരെ വാഹന റാലി സംഘടിപ്പിക്കാനുള്ള ആലോചനകളും അനുയായികൾക്കിടയിൽ സജീവമാണ്. പ്രത്യേകിച്ച് ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പെടെ വലിയ സ്വീകരണ പരിപാടിക്ക് തയ്യാറെടുക്കുന്നുവെന്നാണു പ്രാദേശിക നേതാക്കൾ പറയുന്നത്.
തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ വൻ സ്വീകരണം ഒരുക്കാനാണ് പ്രവർത്തകരുടെ നീക്കം. "പാലാക്കാരുടെ ശക്തി വീണ്ടും തെളിയിക്കുന്ന ദിനമായിരിക്കും ഇത്" എന്ന ആത്മവിശ്വാസത്തിലാണ് കാപ്പൻ അനുകൂലികൾ.












































































