തിരുവനന്തപുരം: മുൻഗാമികളെപ്പോലെ വാഗ്ദാനങ്ങൾ നൽകി വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കാനുള്ള സമീപനം തനിക്കില്ലെന്ന് കായിക-യുവജനകാര്യ മന്ത്രി ഒ. ജെ. ജനീഷ് വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച 'കുട്ടിക്കൂട്ടം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളിലും യുവാക്കളിലും ഡിജിറ്റൽ അഡിക്ഷൻ വ്യാപകമായി ഉയർന്നുവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ പ്രവണത മറികടക്കുന്നതിനായി സർക്കാർ തലത്തിൽ പ്രത്യേക ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കായിക-യുവജന മേഖലയിൽ പുതിയ ആശയങ്ങളും പദ്ധതികളും നടപ്പാക്കാനുള്ള ആലോചനകൾ മനസ്സിലുണ്ടെന്നും മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.
പരിപാടിക്കിടെ കുട്ടികളോടൊപ്പം ഫോട്ടോയെടുത്തും സെൽഫികൾക്കായി സമയം കണ്ടെത്തിയും മന്ത്രി ശ്രദ്ധ നേടി.
എസ്. ശ്രീകേഷ് അധ്യക്ഷനായ ചടങ്ങിൽ ചലച്ചിത്രതാരം ജിബിൻ ഗോപിനാഥ് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രസ് ക്ലബ് സെക്രട്ടറി പി. ആർ. പ്രവീൺ സ്വാഗതവും ട്രഷറർ വി. വിനീഷ് നന്ദിയും രേഖപ്പെടുത്തി.













































































