മകനെതിരായ ഇ.ഡി നോട്ടീസില്‍ വൈകാരികമായി പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തില്‍ പ്രതിപക്ഷം പ്രതികരിച്ചതാണ് മുഖ്യമന്ത്രിക്ക് പ്രശ്നം. മുഖ്യമന്ത്രിയുടെ മകന് വേണ്ടി ക്ലിഫ് ഹൗസിലേക്ക് നോട്ടീസ് കൊടുത്തെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷം പ്രതികരിക്കരുതെന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി വരെ പ്രതികരിച്ചു. ആരെയും കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ല. ലൈഫ് മിഷൻ കേസിലാണോ ലാവലിൻ കേസിലാണോ നോട്ടീസ് ലഭിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസ് അഡ്രസില്‍ നോട്ടീസ് നല്‍കിയതായി കേന്ദ്ര ഏജൻസിയായ ഇ.ഡിയാണ് സ്ഥിരീകരിച്ചത്. അതിന് വൈകാരികമായല്ല മറുപടി പറയേണ്ടത്.
മുഖ്യമന്ത്രിയുടെ വൈകാരിക മറുപടി കേള്‍ക്കാനല്ല കേരളത്തിന് താല്‍പര്യം. വാർത്ത വന്നതില്‍ പരിഹസിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഒന്നും വേണ്ട. അത് എം.എ. ബേബിയുടെ അടുത്ത് മതി. തൻറേ അടുത്ത് വേണ്ട. ഇ.ഡി. നോട്ടീസ് നല്‍കുന്നത് ഒരു നടപടിക്രമമുണ്ട്. എവിടെ വെച്ച്, ഏത് അന്തർധാര പ്രകാരമാണ് നടപടി ക്രമങ്ങള്‍ നിന്നു പോയതെന്ന് ഇ.ഡിയാണ് വ്യക്തമാക്കേണ്ടത്. മുകളില്‍ നിന്ന് ഇ.ഡിക്ക് നിർദേശം ലഭിച്ചെന്നാണ് താൻ അറിഞ്ഞത്. ഇ.ഡി ഉദ്യോഗസ്ഥരാണോ രാഷ്ട്രീയ നേതൃത്വമാണോ വിഷയത്തില്‍ ഇടപെട്ടതെന്ന് ദുരൂഹതയുണ്ട്.
2023ല്‍ മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് അയച്ച വിവരം ഇ.ഡിയുടെ വെബ്സൈറ്റിലാണ് ഉള്ളത്. അത് ഇപ്പോഴാണ് സാധാരണക്കാർ അറിഞ്ഞത്. അതില്‍ എന്ത് ഗൂഢാലോചനയാണ് ഉള്ളത്. സി.പി.എം സൂക്ഷിച്ചിരുന്നോ എന്ന് താനാണ് പറഞ്ഞത്. അയ്യപ്പൻറെ ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റതടക്കം ഇപ്പോള്‍ പുറത്തുവന്നില്ലേ. ഇനിയും കുറേ കാര്യങ്ങള്‍ വരും. പിണറായി വിജയനെ രക്ഷിക്കാൻ ബി.ജെ.പിയും കേന്ദ്ര സർക്കാരും ശ്രമിക്കുന്നുണ്ടെന്ന് പ്രതിപക്ഷത്തിന് ആക്ഷേപമുണ്ട്. ലാവലിൻ കേസ് 35 തവണയാണ് മാറ്റിവെച്ചത്.
സ്വർണക്കേസിലും ലൈഫ് മിഷൻ കേസിലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയില്ലേ?. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ ഭരണാധികാരികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നേരെ ഇ.ഡി ആയുധമെടുത്തു. എന്നാല്‍, കേരളത്തില്‍ എല്ലാം മൂളി തീർക്കുകയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
അതേസമയം, മകൻ വിവേക് കിരണിന് 2023ല്‍ ഇ.ഡി സമൻസ് അയച്ചെന്ന മാധ്യമവാർത്തകള്‍ ഇന്നലത്തെ വാർത്താസമ്മേളനത്തില്‍ തള്ളുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. തൻറെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മകൻറെ പേരില്‍ അയച്ചതായി പറയുന്ന ഇ.ഡി സമൻസ് കിട്ടിയിട്ടില്ലെന്നും അങ്ങനെയൊന്ന് കിട്ടിയതായി മകനും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.