പിറന്നാൾ ദിനത്തിൽ മലയാളികൾക്ക് വമ്പൻ സർപ്രൈസുമായി ദുൽഖർ സൽമാൻ. നടൻ നിർമിക്കുന്ന 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' എന്ന ചിത്രത്തിന്റെ മാസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. മലയാള സിനിമയിൽ ഇതുവരെ കണ്ട് പരിചയമില്ലാത്തൊരു തരം സൂപ്പർ ഹീറോ പരിവേഷത്തോടെ എത്തുന്ന ചിത്രത്തിന്റെ ടീസർ മലയാള സിനിമാസ്വാദകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. കല്യാണി പ്രിയദർശന്റെ മാസ് ഫൈറ്റും സ്വാഗും ആണ് ടീസറിലെ മെയിൻ ഹൈലൈറ്റ്. ഒപ്പം നസ്ലെനും ഉണ്ട്. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും.
റിലീസ് ചെയ്ത് ഏതാനും മിനിറ്റുകളെ ആയിട്ടുള്ളൂവെങ്കിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും വരുന്നത്. മലയാളത്തിന്റെ മാർവെൽ എന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. ദുൽഖറിൻറെ കാഴ്ചപ്പാട് മലയാള സിനിമയില്‍ തരംഗം ഉണ്ടാക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമാണ് 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൊമിനിക് അരുൺ ആണ്. അദ്ദേഹം തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.