മഞ്ചേരി: അടുത്ത ആഴ്ച എൻ്റെ വിവാഹമാണ്... ശമ്പളം തരണം.. ഇനിയും പട്ടിണിക്കിടരുത്... കരഞ്ഞു കലങ്ങിയ കണ്ണുമായി കൈകൂപ്പി കണ്ഠമിടറി ഗോപു മന്ത്രിക്ക് മുന്നില്‍ കേണപേക്ഷിച്ചു. മന്ത്രി വീണാ ജോർജിന് ഉത്തരമുണ്ടായിരുന്നില്ല. മാത്രമല്ല സി.പി.എം പ്രവർത്തകരുടെ വക പരിഹാസവും ഭീഷണിയുമായിരുന്നു മറുപടി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയ മന്ത്രിക്ക് മുന്നില്‍ ശമ്ബളം ചോദിച്ചെത്തിയ താല്‍ക്കാലിക ജീവനക്കാരോട് പ്രതീക്ഷ നല്‍കുന്ന ഒരു വാക്ക് പോലും പറയാതെയാണ് മന്ത്രി അവിടംവിട്ടത്.
മെഡിക്കല്‍ കോളജില്‍ ചെയ്ത ജോലിക്ക് വേതനം ലഭിക്കാത്ത 566 ജീവനക്കാരില്‍ ഒരാളാണ് നറുകര ഗോപു നിവാസില്‍ ഗോപകുമാർ എന്ന 27 കാരൻ. ഈ മാസം 17ന് ഗോപുവിൻ്റെ വിവാഹമാണ്. മൂന്ന് വർഷമായി മഞ്ചേരിയില്‍ നഴ്സ് ആയി ജോലി ചെയ്യുകയാണ്. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി വല്ലപ്പോഴുമാണ് വേതനം ലഭിക്കുന്നത്. നിലവില്‍ രണ്ട് മാസത്തെ ശമ്പളം കിട്ടാനുണ്ട്. ജീവനക്കാരുടെ പ്രതിനിധികള്‍ മന്ത്രിയെ കണ്ട് പ്രയാസങ്ങള്‍ ധരിപ്പിക്കാൻ ശ്രമം നടത്തിയപ്പോള്‍ പാർട്ടി പ്രവർത്തകർ തടയുകയായിരുന്നു. ഞങ്ങളും മനുഷ്യരല്ലേ...?, കുടുംബം ഉള്ളതല്ലേ...? തുടങ്ങിയ ചോദ്യങ്ങള്‍ ഉയർത്തിയ ജീവനക്കാരെ പാർട്ടി പ്രവർത്തകർ പരിഹസിച്ചു. കോണ്‍ഗ്രസിൻ്റെ പണിയെടുക്കേണ്ടെന്ന് ഭീഷണിപ്പെടുത്തി.
ചടങ്ങ് കഴിഞ്ഞ് മടങ്ങവെ ഞങ്ങളെ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഗോപകുമാർ മന്ത്രിക്ക് പിന്നാലെ ഓടി. ശമ്പളം വേണമെന്ന് ആശുപത്രി മുറ്റത്ത് വച്ച് കരഞ്ഞു പറഞ്ഞു. ഒന്നും കേള്‍ക്കാത്ത ഭാവത്തില്‍ മന്ത്രി വാഹനത്തില്‍ കയറിപ്പോയി. മന്ത്രി മടങ്ങിയ ശേഷം സി.പി.എം പ്രവർത്തകർ ജീവനക്കാരെ മർദിക്കാനും ശ്രമിച്ചതായി പരാതിയുണ്ട്. 30 കോടിയിലേറെ രൂപയാണ് മഞ്ചേരി മെഡിക്കല്‍ കോളജിന് സർക്കാർ നല്‍കാനുള്ളത്.