ടി പി ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുറ്റവാളികൾക്ക് ജയിലിനുള്ളിലും ലഹരി വില്പനയെന്ന് ജയിൽ സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോർട്ട്. കേസിലെ മുഖ്യപ്രതികളായ കൊടി സുനിയും കിർമാണി മനോജും ലഹരിവില്പനയുടെ കണ്ണികളാണെന്നാണ് ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ വിശദീകരിക്കുന്നത്. ജയിലിനകത്തും പുറത്തും ലഹരി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് പുറമെ കൊടി സുനിയും സംഘവും വിൽപ്പനയും നടത്തുന്നുവെന്നാണ് ജയിൽ വകുപ്പിന്റെ കണ്ടെത്തൽ. ജയിലിൽ കൊടി സുനി നിരന്തരം അച്ചടക്കലംഘനം കാണിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ ജയിലിലെ കുറ്റകൃത്യങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൊടി സുനിയെ തവനൂരിലെ ജയിലിലേക്ക് മാറ്റിയത്.














































































