കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ മകൻ നവനീത് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചു. വൈക്കം അസിസ്റ്റൻ്റ് എജീനീയർ ഓഫീസിൽ ഓവർസിയറായിട്ടാണ് നിയമനം.
ഇന്ന് രാവിലെ 11 മണിയോടെ ദേവസ്വം മന്ത്രി വി.എൻ വാസവൻ്റെ സാമീപ്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വി.യു ഉപ്പുലിയപ്പന്റെ മുമ്പാകെ എത്തി, നിയമന ഉത്തരവ് കൈപ്പറ്റിയാണ് നവനീത് ചുമതലയേറ്റത്. ഉടൻ തന്നെ വൈക്കത്തെ ഓഫിസിലെത്തിയും ജോലിയിൽ പ്രവേശിക്കും.
നവനീതിന്റെ സർക്കാർ ജോലിയടക്കം , സംസ്ഥാന സർക്കാരിനോട് ബിന്ദുവിന്റെ കുടുംബം ആവശ്യപ്പെട്ട എല്ലാ ഉറപ്പും പാലിക്കപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി വി എന്‍ വാസവൻ പറഞ്ഞു. എല്ലാവരുടെയും പിന്തുണയിൽ നന്ദി രേഖപ്പെടുത്തുന്നതായി ബിന്ദുവിന്റെ മകൻ നവനീതും പ്രതികരിച്ചു.
പ്രൊഫ. സി.എം കുസുമൻ, നവനീതിന്റെ ബന്ധു ഗിരീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ജൂലൈ 3 -ാം തീയതിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മകളുടെ ചികിത്സാർത്ഥം എത്തിയ തലയോലപ്പറമ്പ് സ്വദേശി ബിന്ദു ആശുപത്രി കെട്ടിടം തകർന്നുണ്ടായ അപകടത്തിൽപ്പെട്ട് മരിക്കുന്നത്.