ശശികല അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഇവര്‍ വിചാരണ നേരിടണമെന്നും ജസ്റ്റീസ് അറുമുഖ സ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടും നടത്തിയില്ല. മരണവിവരം പുറംലോകം അറിഞ്ഞത് ഒരു ദിവസത്തിനു ശേഷം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016 സെപ്റ്റംബര്‍ 13ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമുള്ള എല്ലാ കാര്യങ്ങളും രഹസ്യമായി സൂക്ഷിച്ചു. മരണവിവരം ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചത് 2016 ഡിസംബര്‍ 5ന് രാത്രി 11.30 നാണ്. ഡിസംബര്‍ 4ന് ഉച്ചയ്ക്ക്‌ശേഷം 3നും 3.50നും ഇടയില്‍ ജയലളിത മരിച്ചതായി ദൃക്‌സാക്ഷി മൊഴിയുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉറ്റതോഴിയായ ശശികലയുമായി 2012 മുതലേ ജയലളിത നല്ല ബന്ധത്തിലായിരുന്നില്ല. ശശികല, ജയലളിതയെ ചികിത്സിച്ച ഡോ.ശിവകുമാര്‍, ആരോഗ്യസെക്രട്ടറി രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി വിജയ് ഭാസ്‌കര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നാണ് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നത്.
റിപ്പോര്‍ട്ട് നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു കൈമാറിയിരുന്നു.















































































