ഗസ സിറ്റി: ഗസ പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ പുതിയ പദ്ധതിയെ വിമര്‍ശിച്ച് ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍. യുദ്ധക്കുറ്റങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്ന സയണിസ്റ്റ് ഭരണസംവിധാനത്തിന്റെ നീക്കമാണിതെന്ന് പ്രതിരോധ പ്രസ്താനങ്ങള്‍ പറഞ്ഞു.
പുതിയ തീരുമാനം അവരുടെ പ്രതിസന്ധിയുടെ പാരമ്യം തുറന്നുകാട്ടുന്നു. ഗസയില്‍ വര്‍ഷങ്ങളായി അധിനിവേശം നടത്തിയിട്ടും അവര്‍ക്ക് ലക്ഷ്യങ്ങളൊന്നും നേടാനായില്ല. ഇനിയുള്ള അധിനിവേശത്തെയും നേരിടാന്‍ ഫലസ്തീനികള്‍ തയ്യാറാണ്. അധിനിവേശ സേനയെ ശത്രുവായി കണ്ട് നാശങ്ങള്‍ വരുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യും.
സയണിസ്റ്റ് അധിനിവേശത്തില്‍ നിന്നും ഭൂമി സംരക്ഷിക്കുന്നതുവരെ ആയുധങ്ങള്‍ താഴെ വയ്ക്കില്ല. ലോകത്തിലെ ഒരു ശക്തികള്‍ക്കും ഫലസ്തീനികളെ നിരായുധരാക്കാന്‍ കഴിയില്ല. ആയുധങ്ങള്‍ രക്തസാക്ഷികളുടെ പാരമ്പര്യവും ഇഛാശക്തിയുമാണ്. അധിനിവേശ പ്രദേശങ്ങള്‍ മോചിപ്പിക്കുകയും ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അവകാശങ്ങള്‍ പുനസ്ഥാപിക്കുകയും ചെയ്യുകയെന്നതാണ് അവയുടെ ദൗത്യം. ഗസയില്‍ തടവിലുള്ള ജൂതന്‍മാരെ മോചിപ്പിക്കാന്‍ ചര്‍ച്ചയിലൂടെയല്ലാതെ കഴിയില്ലെന്നും പ്രസ്താവന വ്യക്തമാക്കി. എത്ര ശക്തിയുള്ള അധിനിവേശ ശക്തിയേയും ഗസ ചെറുക്കുമെന്ന് ഫലസ്തീന്‍ മുജാഹിദ് മറ്റൊരു പ്രസ്താവനയില്‍ അറിയിച്ചു. ഫലസ്തീന്റെ വിമോചനം ഉണ്ടാവുന്നതു വരെ സായുധസമരം തുടരുമെന്നും പ്രസ്താവന പറയുന്നു.