കേരളാ സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ് അനില്‍ കുമാറിനെ മാറ്റി. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് തിരികെ നിയമിച്ചത്. അനില്‍ കുമാറിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മാറ്റിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. രജിസ്ട്രാര്‍ ആയി തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്നും മാതൃ സ്ഥാപനത്തിലേയ്ക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും അനില്‍ കുമാര്‍ ആവശ്യപ്പെടുകയായിരുന്നു എന്നും തുടര്‍ന്നാണ് മാറ്റമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
നേരത്തെ രജിസ്ട്രാര്‍ അനില്‍കുമാറിനെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശ പ്രകാരം വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
'അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍' എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്.
പരിപാടിക്ക് രജിസ്ട്രാര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്ന് ഗവര്‍ണര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതിന് പിന്നാലെ പരിപാടിക്ക് രജിസ്ട്രാര്‍ എന്തുകൊണ്ട് അനുമതി നിഷേധിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കാണിച്ച് ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു.















































































