ചരിത്രത്തിൽ ആദ്യമായി രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ. വെള്ളിയാഴ്ച വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി 88ന് താഴെയെത്തി. ഇതിന് മുമ്പ് 87.95 ആയിരുന്നു ഏറ്റവും താഴ്ന്ന നിലവാരം.
വെള്ളിയാഴ്ച ഉച്ചയോടെ 88.28 നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തു. അതായത് ഒരു ഡോളർ ലഭിക്കാൻ 88.28 രൂപ നൽകേണ്ട സാഹചര്യം. ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ യുഎസ് 25 ശതമാനം അധിക തീരുവ ചുമത്തിയതാണ് തിരിച്ചടിയായത്. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വ്യാപകമായി വിറ്റൊഴിയുന്നതും രൂപയുടെ മൂല്യത്തെ ബാധിച്ചു. ആറ് പ്രധാന കറൻസികൾക്കെതിരായ ഡോളർ സൂചിക 0.19 ശതമാനം ഉയർന്ന് 98ൽ എത്തി.















































































