തെക്കൻ ജപ്പാനിലെ വിദൂര ദ്വീപ് ശൃംഖലയായ ടോകരയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 900-ലധികം ഭൂകമ്പങ്ങളാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ കുലുക്കം നിവാസികളെ ഭയപ്പെടുത്തുകയും ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നതായി രാജ്യത്തെ കാലാവസ്ഥാ ഏജൻസി അറിയിച്ചു. വലിയ നാശനഷ്ടങ്ങളൊന്നും നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ഭൂകമ്പങ്ങൾ എപ്പോൾ അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി പറഞ്ഞു.
ജൂൺ 21 മുതൽ ടോകര ദ്വീപ് ശൃംഖലയ്ക്ക് ചുറ്റുമുള്ള കടലുകളിൽ ഭൂകമ്പ പ്രവർത്തനങ്ങൾ വളരെ സജീവമാണെന്ന് ഭൂകമ്പ, സുനാമി നിരീക്ഷണ വിഭാഗം ഡയറക്ടർ അയതക എബിറ്റ അടിയന്തര വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭൂകമ്പങ്ങളുടെ എണ്ണം 900 കവിഞ്ഞതായും കൂടുതൽ ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ താമസക്കാർ അഭയം തേടാനോ ഒഴിഞ്ഞുമാറാനോ തയ്യാറാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മൈനിച്ചി ഷിംബൺ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ജൂലൈ 1 വരെയുള്ള 10 ദിവസത്തിനുള്ളിൽ ദ്വീപ് ശൃംഖലയുടേതായി 740 ഭൂകമ്പങ്ങൾ ഉണ്ടായി. ജാപ്പനീസ് ഭൂകമ്പ തീവ്രത സ്കെയിലിൽ 1 അല്ലെങ്കിൽ അതിൽ കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്ന ഈ ഭൂകമ്പങ്ങളിൽ, 7 ആണ് ഏറ്റവും ഉയർന്ന തീവ്രത. 5-ൽ താഴെയുള്ള തീവ്രത പോലും ആളുകളെ ഭയപ്പെടുത്താൻ തക്ക ശക്തിയുള്ളതാണ്.
12 വിദൂര ടോകര ദ്വീപുകളിൽ ഏഴെണ്ണത്തിൽ ജനവാസമുണ്ട്., ആകെ 700 ഓളം നിവാസികളാണ് ഇവിടെയുള്ളത്. കടൽത്തീരത്തിന് താഴെയായി മർദ്ദം ഉയരുന്നത് ഭൂകമ്പങ്ങൾക്ക് കാരണമാകുന്നുവെന്ന് വിദഗ്ദർ പറയുന്നു. പസഫിക് "അഗ്നി വളയത്തിൻ്റെ" പടിഞ്ഞാറൻ അറ്റത്തുള്ള നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകളുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ജപ്പാൻ, ലോകത്തിലെ ഏറ്റവും ഭൂകമ്പ സജീവമായ രാജ്യങ്ങളിലൊന്നാണ്.